tea

അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന സാധനമായതിനാല്‍ തന്നെ പാലിന്റെ ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ആരും തയ്യാറാകില്ല. സാധാരണക്കാരുടെ കാര്യം അങ്ങനെയാണെങ്കില്‍ ധനികനായ അംബാനിയുടെ കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ. അംബാനി കുടുംബം ഉപയോഗിക്കുന്ന പല സാധനങ്ങളുടേയും സവിശേഷത പലപ്പോഴും വാര്‍ത്തയാകാറുണ്ട്. അപ്പോള്‍ ദിവസേന ഉപയോഗിക്കുന്ന പാലിന് വേണ്ടി ആരെയാകും മുകേഷ് അംബാനിയും കുടുംബവും ആശ്രയിക്കുന്നത്.

പൂനെയിലെ ഭാഗ്യലക്ഷ്മി ഹൈ ടെക് ഡയറി ഫാം വളരെ പ്രസിദ്ധമാണ്. ഇവിടെ നിന്നാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ വീട്ടിലേക്ക് ആവശ്യമുള്ള സാധനം വാങ്ങുന്നത്. അപ്പോള്‍ സവിശേഷതകളുടേയും പ്രത്യേകതകളുടേയും ഒരു കലവറയാകാതെ തരമില്ല. ലോകത്തിലെ തന്നെ ഏറ്റവും അധികം പാല്‍ ഉത്പാതിപ്പിക്കുന്ന ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ എന്ന പശുക്കളുടെ പാലാണ് ഈ ഡയറി ഫാമിന്റെ പ്രത്യേകത. മറ്റ് ഫാമുകളില്‍ ചെയ്യുന്നത് പോലെ പല കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിക്കാതെ ഒറ്റ ഫാമില്‍ നിന്ന് തന്നെ ശേഖരിക്കുന്നപാലാണ് ഇവിടെ വില്‍പ്പന നടത്തുന്നത്.

ഹോള്‍സ്ട്രീന്‍ ഫ്രീഷ്യന്‍ എന്നത് അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രസിദ്ധമായ ഒരു ഇനം പശുവാണ്. ഇത്തരത്തിലുള്ള 3000 പശുക്കളാണ് ഭാഗ്യലക്ഷ്മി ഡയറിഫാമില്‍ ഉള്ളത്. മികച്ച സൗകര്യങ്ങളോടെയാണ് ഫാമിലെ പശുക്കളെ പരിപാലിക്കുന്നത്. അതിലൂടെ നല്ല ഗുണമേന്മയുള്ള പാല്‍ ലഭിക്കുമെന്നതാണ് കമ്പനിയുടെ വിശ്വാസം. വലിയ തൊഴുത്തിലാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. ശുദ്ധീകരിച്ച കുടിവെള്ളവും നല്ല മുന്തിയ ഇനം പുല്ലുമാണ് പ്രധാന ആഹാരം.

ഓരോ പശുവിന്റെയും ആരോഗ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ സംവിധാനവുമുണ്ട്. അതുപോലെ വൃത്തിക്കും പ്രാധാന്യമേറെ. മനുഷ്യകരസ്പര്‍ശമില്ലാതെ പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് കറവ. ഒരേ സമയം 50 പശുക്കളുടെ കറവ നടത്താന്‍ കഴിയുന്ന റോട്ടറി മില്‍ക്കിങ് പാര്‍ലറാണ് ഇവിടെയുള്ളത്. കറവയ്‌ക്കൊപ്പം തന്നെ ശീതീകരണ സംവിധാനത്തിലെത്തുന്ന പാല്‍ 4 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലേക്ക് എത്തിക്കുന്നു. കറവയ്ക്കു ശേഷം 10 മണിക്കൂറിനുള്ളില്‍ പാല്‍ ഉപഭോക്താക്കളുടെ പക്കല്‍ എത്തിക്കുന്നതാണ് മറ്റൊരു സവിശേഷത.