
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് എതിരെ വീണ്ടും മാസപ്പടി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അനാഥാലയങ്ങളില്‍ നിന്ന് വീണ എല്ലാ മാസവും പണം കൈപ്പറ്റിയെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണെന്നും മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞു.
വ്യവസായ വകുപ്പിന്റെ ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് നിയമസഭയില്‍ മൂവാറ്റുപുഴ എംഎല്‍എ വീണ്ടും മാസപ്പടി വിഷയം ചര്‍ച്ചയാക്കിയത്. മുമ്പ് താന്‍ മാസപ്പടിയുടെ കാര്യത്തില്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. അതേസമയം, എംഎല്‍എയുടെ പ്രസംഗത്തില്‍ സ്പീക്കര്‍ ഇടപെട്ടു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയില്‍ ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ നിലപാടെടുക്കുകയായിരുന്നു. ചാനലിനും സോഷ്യല്‍മീഡിയക്കും വേണ്ടി സഭയില്‍ പ്രസംഗിക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ കുഴല്‍നാടനോട് പറഞ്ഞു. എന്നിട്ടും എംഎല്‍എ പ്രസംഗം തുടര്‍ന്നതോടെ സ്പീക്കര്‍ എംഎല്‍എയുടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
മാസപ്പടി വിഷയത്തില്‍ ഹൈക്കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും പി.വി എന്നത് പിണറായി വിജയന്‍ അല്ലെന്ന് തെളിയിച്ചാല്‍ തന്റെ എംഎല്‍എ പദവി രാജിവയ്ക്കുമെന്നും മാത്യു കുഴല്‍നാടന്‍ സഭയിലെ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. പി.വി താനല്ലെന്ന് ഹൈക്കോടതി അയച്ച നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമക്കട്ടേയെന്നും മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു.