
ഭോപാൽ: പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കിയ 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതിയുടെ പേര് അക്ഷരം തെറ്റിച്ചെഴുതി കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂർ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ നിരവധി പരിഹാസങ്ങളാണ് സാമൂഹികമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മദ്ധ്യപ്രദേശിലെ ധറിലെ സ്‌കൂളിലായിരുന്നു സംഭവം. 'സ്‌കൂൾ ചലോ അഭിയാൻ'പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സാവിത്രി. തുടർന്നാണ് വെള്ള ബോർഡിൽ മാർക്കർ പേന ഉപയോഗിച്ച് മന്ത്രി പദ്ധതിയുടെ പേര് എഴുതിയത്. എന്നാൽ 'ബേഠി പഠാവോ' എന്നതിന് പകരം 'ബെഡ്ഡി പഠാവോ' എന്നാണ് മന്ത്രി എഴുതിയത്. മന്ത്രി ബോർഡിൽ എഴുതുന്നതിന്റെ ആരോ പകർത്തിയ വീഡിയോ ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ഇതോടെ മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ‘ജനാധിപത്യത്തിന്റെ ദൗർഭാഗ്യം’ എന്നാണ് ഇതിനെ കോൺഗ്രസ് നേതാവ് കെ.കെ.മിശ്ര വിശേഷിപ്പിച്ചത്. ‘‘ഭരണഘടനാ പദവികൾ വഹിക്കുന്നവരും വലിയ വകുപ്പുകളുടെ ചുമതല വഹിക്കുന്നവരും മാതൃഭാഷയിൽ പോലും അറിവില്ലാത്തവരാണെന്നുള്ളത് ജനാധിപത്യത്തിന്റെ ദൗർഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.