market

കൊച്ചി: ആഭ്യന്തര നിക്ഷേപകരുടെ പണക്കരുത്തിൽ ആറാം ദിവസവും ഇന്ത്യൻ ഓഹരികൾ റെക്കാഡ് മുന്നേറ്റം തുടർന്നു. സെൻസെക്സ് 141 പോയിന്റ് ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 77,479ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 51 പോയിന്റ് നേട്ടവുമായി 23,567ൽ അവസാനിച്ചു. വിദേശ നിക്ഷേപ ഫണ്ടുകളിൽ നിന്നുള്ള പണമൊഴുക്കും വിപണിക്ക് കരുത്ത് പകർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 7,909 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വാങ്ങിയത്.

രൂപ റെക്കാഡ് താഴ്ചയിൽ

ഇറക്കുമതി സ്ഥാപനങ്ങളിൽ നിന്ന് ഡോളർ ആവശ്യം വർദ്ധിച്ചതോടെ ഇന്ത്യൻ രൂപ ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് മൂക്കുകുത്തി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 19 പൈസ നഷ്‌ടത്തോടെ 83.65ൽ വ്യാപാരം പൂർത്തിയാക്കി. ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 83.58 എന്ന നിരക്കാണ് ഇന്നലെ പുതുക്കിയത്. പൊതു മേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതാണ് ഒരു പരിധി വരെ രൂപയുടെ കനത്ത തകർച്ചയ്ക്ക് തടയിട്ടത്.

നിരക്കിൽ മാറ്റം വരുത്താതെ ബാങ്ക് ഒഫ് ഇംഗ്ളണ്ട്

നാണയപ്പെരുപ്പ ഭീഷണി ഒഴിയാത്തതിനാൽ ഇത്തവണയും യു.കെയിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ട് പലിശ നിരക്ക് 5.25 ശതമാനമായി നിലനിറുത്തി. യു.കെയിൽ പൊതു തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കിയത്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്

കഴിഞ്ഞ വർഷം ഇന്ത്യൻ വ്യവസായ മേഖലയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 43 ശതമാനം ഇടിഞ്ഞ് 2,800 കോടി ഡോളറായി. ഇതോടെ വിദേശ നിക്ഷേപ സൗഹ്യദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം പതിനഞ്ചിലേക്ക് താഴ്ന്നു. 2022ൽ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു.