najeeb

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഏതു വര്‍ഗ്ഗീയതയും ഉപയോഗിക്കാന്‍ മടിക്കാത്ത പാര്‍ട്ടിയായി സി.പി.എം അധ:പതിച്ചുവെന്നും തരാതരം വര്‍ഗ്ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍‍ മുന്നിലാണ് സി.പി.എം എന്ന് ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ ബോധ്യമായെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ഇടതതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ' തെരഞ്ഞെടുപ്പിന്‍റെ തലേന്ന് ഇടതു പക്ഷം പത്രങ്ങളില്‍ കൊടുത്ത പരസ്യ വാചകമാണിത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഞാനൊരു വീട്ടില്‍ പോയിരുന്നു. അവിടെ കോലായിലിരിക്കുന്നത്. സുപ്രഭാതം പത്രം. ആ പത്രത്തിന്‍റെ ഒന്നാം പേജില്‍ ഒരു മുസ് ലിം പെണ്‍കുട്ടിയുടെ മഫ്ത ധരിച്ച ചിത്രം. പശ്ചാത്തലത്തില്‍ കലാപത്തില്‍ തകര്‍ന്ന തെരുവ്. അത് കഴിഞ്ഞ് ഞാനൊരു കോണ്‍വെന്‍രിലാണ് ചെന്നത്. അവിടെ ഡൈനിംഗ് ഹാളില്‍ ദീപിക പത്രം. ഒന്നാം പേജില്‍ ഇതേ പരസ്യ വാചകം. പക്ഷേ ഫോട്ടോ മാറിയിരിക്കുന്നു. അവിടെ മുസ്ലിം പെണ്‍കുട്ടിയും മഫ്തയുമല്ല. പകരം മണിപ്പൂരില്‍ കത്തിയമരുന്ന കുരുശു പള്ളിയുടെ ചിത്രമാണ്. എന്താണ് ഇതിനര്‍ത്ഥം. ഇതിനെ എന്താണ് വിളിക്കേണ്ടത്. സി.പി.എം ഒരു മത നിരപേക്ഷ പ്രസ്ഥാനമല്ലേ. ഈ നാട്ടിലെ മുസ് ലിംകളെക്കുറിച്ച് സി.പി.എം എന്താണ് ധരിച്ചിരിക്കുന്നത്. മണിപ്പൂരില്‍ കുരിശു പള്ളി തകരുമ്പോള്‍ മുസ്ലിംകള്‍ സന്തോഷിക്കുമെന്നാണോ. കലാപത്തില്‍ മുസ് ലിം പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുമ്പോള്‍ ക്രിസ്ത്യാനി സന്തോഷിക്കുമെന്നാണോ. നിങ്ങള്‍ കേരളത്തിലെ ജനങ്ങളെ ക്കുറിച്ച് ധരിച്ച് വെച്ചത് എന്താണ്. കെ.കെ. ലതികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായി ചേരും. എന്തൊരു വര്‍ഗ്ഗീയതയാണിത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നമ്മുടെ നാട് നിലനില്‍ക്കണ്ടേ. ഇമ്മാതിരി ഉടായിപ്പ് തിരിച്ചറിഞ്ഞത് കൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജനം പുതിയൊരു പരസ്യ വാചകം നിങ്ങള്‍ക്ക് സമ്മാനിച്ചത്. ഇടതില്ലെങ്കിലും ഒരു ചുക്കുമില്ല. എന്ത് വൃത്തി കെട്ട വര്‍ഗ്ഗീയതയും നിങ്ങള്‍ പയറ്റുമെന്ന് വടകരയിലും കോഴിക്കോടും നിങ്ങള്‍ തെളിയിച്ചു. ഒരിടത്ത് കാഫിര്‍, മറ്റൊരിടത്ത് ഇക്ക.

വാടകക്കെടുത്ത എം.എല്‍.എമാരെക്കൊണ്ട് മുസ് ലിം ലീഗിനെതിരെ വിടുവായത്തം പറയിപ്പിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ സ്വന്തമായി ഒരു സീറ്റ്മാത്രമേ സി.പി.എമ്മിന് രാഷ്ട്രീയമായി നേടാനായിട്ടുള്ളൂ. അത് ആലത്തൂരില്‍ നിന്ന് കെ. രാധാകൃഷ്ണന്‍റെ വിജയമാണ്. മറ്റ് മൂന്നു സീറ്റുകളും രാഹുല്‍ ഗാന്ധിയുടെ ദാനമാണ്. തമിഴ്നാട്ടിലെ ദിണ്ഡിഗലിലെ വിജയം മസ് ലിം ലീഗിന് കൂടി അവകാശപ്പെട്ടതാണ്. യു.ഡി.എഫും ഇന്ത്യാ മുന്നണിയും‍ ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ രാഷ്ട്രീയമാണ് പറഞ്ഞത്. ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് യു.ഡി.എഫ് പറഞ്ഞത്. ‍ സ്ഥാനാര്‍ത്ഥികളുടെ മെറിറ്റിനെക്കുറിച്ചാണ് സംസാരിച്ചത്. അവരുടെ മതത്തെക്കുറിച്ചല്ല. പിണറായി സര്‍ക്കാറിന്‍രെ കഴില്ലായ്മയെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചുമാണ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സംസാരിച്ചത്. സംസാരിച്ചത് ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെക്കുറിച്ചും വിഭജന രാഷ്ട്രീയത്തെക്കുറിച്ചും ചങ്കൂറ്റത്തോടെ സംസാരിച്ചത് യു.ഡി.എഫാണ്. സി.പി.എമ്മിന് അല്‍പ്പമെങ്കിലും രാഷ്ട്രീയ മാന്യതയുണ്ടെങ്കില്‍ അത് രാഹുല്‍ ഗാന്ധിയോട് കാണിക്കണം. ചില വീടുകള്‍ക്ക് മുന്നില്‍ ശ്രീ. മുത്തപ്പന്‍ ഈ വീടിന്‍റെ കാവല്‍ എന്ന് എഴുതി വെക്കുന്നത് പോലെ സി.പി.എം പാര്‍ട്ടി ഒാഫീസിന് മുന്നില്‍ ശ്രീ. രാഹുല്‍ ഗാന്ധി ഈ പാര്‍ട്ടിയുടെ കാവല്‍ എന്നാണ് എഴുതി വെക്കേണ്ടതെന്നും നജീബ് കാന്തപുരം പറഞ്ഞു..