
മഴയിലും കോടമഞ്ഞിലും നനഞ്ഞ് കുളിരണിയാൻ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധന. മാനിമലയുടെ പച്ചപ്പും സൗന്ദര്യവും മഴയിൽ നനഞ്ഞ് കൺകുളിർക്കെ കാണാൻ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എത്തിയത് 3000ത്തിൽപരം സഞ്ചാരികൾ.
കഴിഞ്ഞ ഞായറാഴ്ച മാത്രമെത്തിയത് 1517 സഞ്ചാരികൾ. മുമ്പ് അവധി ദിനങ്ങളിലായിരുന്നു സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനയെങ്കിലും ഇതിൽ നിന്നും വപരീതമായി മറ്റുള്ള ദിവസങ്ങളിലും വലിയ തോതിൽ സഞ്ചാരികൾ എത്താൻ തുടങ്ങിയതായി വനംവകുപ്പ് ജീവനക്കാർ പറയുന്നു. ഈ മഴക്കാലത്ത് സഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനയുണ്ടാകുമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്.
മുൻകാലങ്ങളിലെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് മഴക്കാലത്തിന്റെ ആരംഭത്തിൽ തന്നെ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ റാണിപുരത്തേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളായി എത്തുന്നവരിൽ 75 ശതമാനവും കർണാടകയിൽ നിന്നാണ്. ഇതിൽ ഭൂരിഭാഗവും യുവതീ - യുവാക്കളാണെന്ന പ്രത്യേകതയുമുണ്ട്.
മൺസൂൺ കാലത്തെ റാണിപുരത്തിന്റെ വിനോദ സഞ്ചാര സാദ്ധ്യത തിരിച്ചറിഞ്ഞതോടെയാണ് സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായത്. മേയ്, ജൂൺ മാസങ്ങളിൽ ആവശ്യത്തിന് മഴ ലഭിച്ചതോടെ കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയ മാനി പുൽമേട് പച്ചപ്പണിഞ്ഞ് സഞ്ചാരികൾക്ക് വിസ്മയകരമായ കാഴ്ചയാണ് ഒരുക്കുന്നത്. മുൻകാലത്തെ അപേക്ഷിച്ച് അട്ട ശല്യം കുറഞ്ഞതും ഗുണകരമായി.

1049 മീറ്റർ ഉയരം
അപൂർവ സസ്യങ്ങളും ചിത്രശലഭങ്ങളും ഉരഗങ്ങളും വന്യമൃഗങ്ങളുമുള്ള കാടിന്റെ വന്യതയിൽ കോടമഞ്ഞിന്റെ തണുപ്പറിയാനും നേർത്ത് പെയ്യുന്ന മഴയിൽ നനയാനുമാണ് സമുദ്ര നിരപ്പിൽ നിന്നും 1049 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ ഊട്ടിയെ തേടി സഞ്ചാരികൾ എത്തുന്നത്. സ്ത്രീകളടക്കമുള്ള വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതോടെ അവധി ദിവസങ്ങളിലെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിൽ പൊലീസിന്റെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.