india

ബ്രിഡ്ജ്ടൗൺ : ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ 47 റൺ​സി​ന്റെ തകർപ്പൻ ജയം നേടി​ ഇന്ത്യ. ബ്രി​ഡ്ജ് ടൗണി​ൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസടിച്ചു. മറുപടി​ക്കി​റങ്ങി​യ അഫ്ഗാനെ ഇന്ത്യ 20 ഓവറി​ൽ 134 റൺ​സി​ന് ആൾഔട്ടാക്കുകയായി​രുന്നു.


28 പന്തുകളിൽ അഞ്ചുഫോറുകളും മൂന്ന് സിക്സുമടക്കം 53 റൺസ് നേടിയ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹാർദിക് പാണ്ഡ്യ (32), വിരാട് കൊഹ്‌ലി (24), റിഷഭ് പന്ത് (20) എന്നിവരുടെ പോരാട്ടവും ഇന്ത്യയെ ഈ സ്കോറിലെത്താൻ സഹായിച്ചു. ബൗളിംഗി​ൽ മൂന്ന് വി​ക്കറ്റുകൾ വീഴ്ത്തി​ തി​ളങ്ങി​യ പേസർമാരായ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും രണ്ട് വി​ക്കറ്റ് നേടി​യ കുൽദീപും ഓരോ വി​ക്കറ്റ് നേടി​യ അക്ഷർ പട്ടേലും ജഡേജയും ചേർന്നാണ് അഫ്ഗാനെ ചുരുട്ടി​യത്.


ബ്രിഡ്ജ് ടൗണിലെ വേഗത കുറഞ്ഞ പിച്ചിൽ നിയന്ത്രണത്തോടെ പന്തെറിഞ്ഞ അഫ്ഗാൻ ബൗളർമാർക്കെതിരെ വമ്പൻ ഷോട്ടുകൾ ഉതിർത്ത് ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിഞ്ഞില്ലെന്നുവേണം പറയാൻ. അല്ലെങ്കിൽ 200ന് മുകളിലുള്ള സ്കോർ ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചേനെ. അഫ്ഗാനുവേണ്ടി സ്പിന്നർ റാഷിദ് ഖാനും പേസർ ഫസൽ ഹഖ് ഫറൂഖിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.


ടോസ് നേടി ഇറങ്ങിയ രോഹിത് ശർമ്മ (8) മൂന്നാം ഓവറിൽതന്നെ കൂടാരം കയറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഫറൂഖിയുടെ ബൗളിംഗിൽ റാഷിദിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. തുടർന്ന് വിരാടും റിഷഭും ഒരുമിച്ചത് ഇന്ത്യയ്ക്ക് കരുത്തായി. 11 പന്തുകളിൽ നാലുഫോറടക്കം 20 റൺസ് നേടിയ റിഷഭ് ഏഴാം ഓവറിൽ പുറത്തായപ്പോൾ 24 പന്തുകളിൽ ഒരു സിക്സടക്കം 24 റൺസ് നേടിയ വിരാട് ഒൻപതാം ഓവറിൽ മടങ്ങി. ഇതോടെ ഇന്ത്യ 62/3 എന്ന നിലയിലായി. ശിവം ദുബെ (10) നിരാശപ്പെടുത്തിയപ്പോൾ അഞ്ചാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത സൂര്യയും ഹാർദിക്കുമാണ് ഇന്ത്യയെ 150കടത്തിയത്. ഇരുവർക്കും ശേഷം രവീന്ദ്ര ജഡേജ(7), അക്ഷർ പട്ടേൽ (12) എന്നിവരെയും ഇന്ത്യയ്ക്ക് നഷ്ടമായി.