
ലാഹോർ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്) പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് ഗുലാം ഷാബിറിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. കഴിഞ്ഞ ദിവസം പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ വച്ചായിരുന്നു സംഭവം. പി.ടി.ഐയിലെ നേതാവായ ഷെഹ്ബാസ് ഗില്ലിന്റെ മുതിർന്ന സഹോദരനാണ് ഗുലാം. ഇസ്ലാമാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗുലാമിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ലാഹോറിലെ ഖായബാൻ ഇ അമീൻ മേഖലയിലുള്ള വസതിയിൽ നിന്ന് രാത്രി പുറപ്പെട്ട ഗുലാമിനെ പറ്റി യാതൊരു വിവരവുമില്ലെന്ന് മകൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ വിവിധ അഴിമതിക്കേസുകളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്