
കോട്ടയം: മത്തിയേക്കാൾ വിലക്കുറവിൽ കരിമീൻ സുലഭമായിട്ടും ഭക്ഷണ ശാലകളിലെ വില പൊള്ളിക്കുകയാണ്. കിലോയ്ക്ക് 270 രൂപ മുതലാണ് വിലയെങ്കിലും പാകം ചെയ്താൽ ഒരെണ്ണത്തിന് 400ന് മേലെ കൊടുക്കണം. ജില്ലയിലെ ഷാപ്പുകളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും കരിമീന് വിലകുറഞ്ഞിട്ടില്ല.
ബി ഗ്രേഡ് കരിമീന് കലോയ്ക്ക് 270 മുതലും എ ഗ്രേഡിന് 350 മുതലും എ പ്ലസിന് 450ന് മുകളിലുമാണ് വില. ഒരു കിലോ കരിമീൻ 10 എണ്ണം വരെ കാണും. ഗ്രേഡ് കൂടും തോറും എണ്ണം കുറയും. കൂടുതൽ വിൽക്കുന്നത് ബി ഗ്രേഡ് കരിമീനാണ്. ഇവ പാകം ചെയ്താൽ ഒരെണ്ണത്തിന് ഒരുകിലോയേക്കാൾ വില നൽകണം. ഫ്രൈ, പൊള്ളിക്കൽ, മപ്പാസ്, നിർവാണ എന്നിങ്ങനെ ഐറ്റം മാറും തോറും വിലയും കയറും.
കേമൻ വേമ്പനാട്ട് കായലിലെ കരിമീൻ
രുചിയിലും ഗുണത്തിലും വേമ്പനാട്ട് കായലിലെ കരിമീനാണ് കേമൻ. കരിമീൻ കഴിക്കാൻ ശനിയും ഞായറും കുമരകം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. റിസോർട്ടുകൾ, ഹൗസ്‌ബോട്ടുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി കരിമീൻ കൊണ്ടുപോകുന്നത്. മസാല, എണ്ണ, പാചകക്കൂലി മറ്റ് ചിലവുകൾ കണക്കാക്കിയാലും ഇപ്പോൾ വാങ്ങുന്നതിനേക്കാൾ കുറവ് വിലയ്ക്ക് കരിമീൻ വിളമ്പാൻ ഹോട്ടലുകൾക്ക് കഴിയും. മീൻ വിഭവങ്ങൾക്ക് കൃത്യമായൊരു വില നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഇടപെടാൻ അധികൃതർക്കും കഴിയുന്നില്ല. അതേസമയം വിലകുറഞ്ഞതോടെ അന്യജില്ലകളിൽ നിന്ന് പോലും ആളുകൾ കുരമകത്തെ സൊസൈറ്റികളിലും സ്വകാര്യകേന്ദ്രങ്ങളിൽ നിന്നും കരിമീൻ വാങ്ങുന്നുണ്ട്.
ലാഭമിങ്ങനെ
പാകം ചെയ്താൽ ഒരു കരിമീന് ലാഭം 250 രൂപ മുതൽ
വിഭവം മാറും തോറും ലാഭം ഉയരും
മീൻ വില കൂടുമ്പോൾ വിഭവങ്ങൾക്ക് വില ഉയരും, കുറയുമ്പോൾ കുറയില്ല
പാചക വാതക വിലയും കൂലിയും മറ്റ് അവശ്യ സാധനങ്ങളുടെ വില വർദ്ധനവും കൂടി പരിഗണിക്കേണ്ടതുണ്ട്.