
സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ ബംഗ്ളാദേശിനെ തോൽപ്പിച്ചു
ഓസീസ് പേസർ പാറ്റ് കമ്മിൻസിന് ഹാട്രിക്
ഡേവിഡ് വാർണർക്ക് അർദ്ധസെഞ്ച്വറി
ഓസീസ് ജയം മഴ നിയമപ്രകാരം
ആന്റിഗ്വ : ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ സൂപ്പർ എട്ട് മത്സരത്തിൽ ബംഗ്ളാദേശിനെതിരെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 28 റൺസിന് ജയിച്ച് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് നിശ്ചിത 20 ഓവറിൽ 140/8 എന്ന സ്കോറിൽ ഒതുങ്ങി. തുടർന്നിറങ്ങിയ ഓസീസ് 11.2 ഓവറിൽ 100/2 എന്ന സ്കോറിലെത്തിയപ്പോഴേക്കും മഴ തടസപ്പെടുത്തിയതിനാൽ വിജയിയെ കണ്ടെത്താൻ മഴ നിയമത്തിന്റെ സഹായം തേടുകയായിരുന്നു.
ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കിന് ഉടമയായ നായകൻ പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയും ഓരോ വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കും മാർക്കസ് സ്റ്റോയ്നിസും ഗ്ളെൻ മാക്സ്‌വെല്ലും ചേർന്നാണ് ബംഗ്ളാദേശിനെ 140ലൊതുക്കിയത്. 36 പന്തുകളിൽ 41 റൺസ് നേടിയ നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോയും 28 പന്തുകളിൽ രണ്ട് വീതം ഫോറും സിക്സുമടക്കം 40 റൺസ് നേടിയ തൗഹീദ് ഹൃദോയ്‌യും 16 റൺസ് നേടിയ ലിട്ടൺ ദാസും 13 റൺസെടുത്ത ടാസ്കിൻ അഹമ്മദും മാത്രമാണ് ബംഗ്ളാനിരയിൽ രണ്ടക്കം കടന്നത്.
മഴ മുന്നിൽക്കണ്ട് ചേസിംഗിന്റെ വേഗം കൂട്ടിയ ഡേവിഡ് വാർണറും (35 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സുമടക്കം 53 നോട്ടൗട്ട് ) ട്രാവിസ് ഹെഡും (21 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 31 റൺസ്) ആദ്യ 6.5 ഓവറിൽ 65 റൺസ് നേടിയപ്പോൾ തന്നെ കളിയുടെ ഗതി വ്യക്തമായിരുന്നു.
റിഷാദ് ഹൊസൈൻ ഏഴാം ഓവറിൽ ഹെഡിനെ ബൗൾഡാക്കുകയും ഒൻപതാം ഓവറിൽ നായകൻ മിച്ചൽ മാർഷിനെ (1) എൽ.ബിയിൽ കുരുക്കുകയും ചെയ്തെങ്കിലും പകരമിറങ്ങിയ മാക്സ്‌വെല്ലിനെ (6 പന്തുകളിൽ ഓരോ ഫോറും സിക്സുമടക്കം 14 റൺസ്)വാർണർ അർദ്ധസെഞ്ച്വറി കടന്നപ്പോഴേക്കും മഴയെത്തി.
ഞായറാഴ്ച അഫ്ഗാനിസ്ഥാനുമായും തിങ്കളാഴ്ച ഇന്ത്യയുമായാണ് ഓസ്ട്രേലിയയുടെ സൂപ്പർ എട്ടിലെ ബാക്കിയുള്ള മത്സരങ്ങൾ.ബംഗ്ളാദേശ് ഇന്ന് ഇന്ത്യയേയും ചൊവ്വാഴ്ച അഫ്ഗാനെയും നേരിടും.
കമ്മിൻസ് ഹാട്രിക്
രണ്ടോവറുകളിലായാണ് കമ്മിൻസ് തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. ട്വന്റി-20 ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ ബൗളറും രണ്ടാമത്തെ ഓസ്ട്രേലിയക്കാരനുമാണ് കമ്മിൻസ്. ആദ്യ ഓസ്ട്രേലിയൻ ഹാട്രിക്കിന് ഉടമയായ ബ്രെറ്റ് ലീയും ബംഗ്ളാദേശിനെതിരെയാണ് നേട്ടം കരസ്ഥമാക്കിയിരുന്നത്.
17.5-ാം ഓവറിൽ കമ്മിൻസിനെ പുൾ ചെയ്യാൻ ശ്രമിച്ച മഹ്മൂദുള്ളയുടെ(2) ബാറ്റിൽ തട്ടി പന്ത് സ്റ്റംപിലേക്ക് വീഴുകയായിരുന്നു.
17.6-ാം ഓവറിൽ അപ്പർ കട്ടിന് ശ്രമിച്ച മെഹ്ദി ഹസൻ(0) തേഡ്മാൻ ഫീൽഡർ ആദം സാംപയ്ക്ക് സിംപിൾ ക്യാച്ച് സമ്മാനിച്ചു.
19.1-ാം ഓവറിൽ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ച തൗഹീദ് ഹൃദോയ്‌യെ ഷോട്ട് ഫൈൻ ലെഗ്ഗിൽ ഹേസൽവുഡ് പിടികൂടിയതോടെ കമ്മിൻസ് ഹാട്രിക്കിന് ഉടമയായി.