bioplastic

ലോകമാകെ കോടാനുകോടി വസ്‌തുക്കളിൽ പലരൂപത്തിൽ മനുഷ്യർ ഉപയോഗിക്കുന്ന ഒന്നാണ് പ്‌ളാസ്‌റ്റിക്. മൃദുവായത് അഥവാ എളുപ്പം രൂപപ്പെടുത്താവുന്നത് എന്ന അർത്ഥം വരുന്ന വാക്കാണ് പ്ളാസ്റ്റി‌ക്. ഏറെനാൾ നീണ്ടുനിൽക്കുകയും വളരെ കുറ‍ഞ്ഞ വിലയുമാണ് പ്‌ളാസ്‌റ്റിക്കിന് ഇപ്പോഴും ഡിമാന്റ് ഉണ്ടാകാൻ കാരണം. കുഞ്ഞുകവറുകൾ മുതൽ മനുഷ്യൻ യാത്രചെയ്യാനുപയോഗിക്കുന്ന വിമാനത്തിന്റെവരെ ഭാഗങ്ങൾ പ്‌ളാസ്‌റ്റിക് കൊണ്ടുണ്ടാക്കുന്നു.

കാര്യമിതാണെങ്കിലും മനുഷ്യനടക്കം ഭീഷണിയുമാണ് പ്ളാസ്‌റ്റിക്കുകൾ. ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ആഹാരത്തിലും വരെ മൈക്രോപ്ളാസ്‌റ്റിക് പാളികൾ അടങ്ങിയിട്ടുണ്ട്. പ്ളാസ്‌റ്റിക് ഇത്തരത്തിൽ നമ്മുടെ ഉള്ളിലെത്തുന്നുണ്ട്. എന്നാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം വൈകാതെ പരിഹാരം കണ്ടെത്താനാകുമെന്ന ശുഭസൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോപൻഹേഗൻ സർവകലാശാലയിലെ സസ്യ-പരിസ്ഥിതി ശാസ്‌ത്ര വിഭാഗത്തിലെ ഗവേഷകരാണ് പ്ളാസ്‌‌റ്റിക്കിന് പകരക്കാരനായ ബയോപ്ളാ‌സ്റ്റിക്ക് കണ്ടെത്തിയിരിക്കുന്നത്. പ്രകൃതിയിൽ സ്വാഭാവികമായി വിഘടിച്ചുപോകുന്ന ബാർലിയടക്കം വിവിധ വസ്‌തുക്കൾ ചേർന്നതാണ് ഈ ബയോപ്ളാസ്‌റ്റിക് ഉൽപ്പന്നം.

വളരെയധികം ദൃഢതയും വഴക്കവുമുള്ള ഈ വസ്‌തു സാധാരണ വസ്‌തുക്കൾ നിർമ്മിക്കാൻ മുതൽ ഭക്ഷണ പാക്കിംഗിന് വരെഉപയോഗിക്കാവുന്നതാണ്. രണ്ട് മാസം കൊണ്ട് പൂർണമായും മണ്ണിലലിഞ്ഞ് ഇല്ലാതാകും. സൂക്ഷ്‌മ ജീവികളെ ഉപയോഗിച്ചും ഇവഅഴുകാൻ കഴിയുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

'പ്ലാസ്‌റ്റിക് മാലിന്യങ്ങൾ നമുക്ക് വലിയ പ്രശ്‌നമാണ്. ഇതിന്റെ പുനരുപയോഗത്തിനും പരിമിതിയുണ്ട്. അതിനാലാണ് പുതിയ ബലവത്തായ ബയോ‌പ്‌ളാസ്‌റ്റിക് ഞങ്ങൾ നിർമ്മിച്ചത്. നിലവിലെ ബയോ‌പ്‌ളാസ്‌‌റ്റിക്കിനെക്കാൾ നന്നായി ഇതിന് വെള്ളത്തെ പ്രതിരോധിക്കാൻ സാധിക്കും. ഇത്‌ നൂറ് ശതമാനം ഉപയോഗ ശേഷം ജീ‌ർണ്ണിച്ച് പോകുന്നതാണ്.' കോപൻഹേഗൻ സർവകലാശാലയിലെ പ്രൊ. ആൻഡ്രിയാസ് ബ്ളെനോ പറയുന്നു.

ഇതുവരെ മനുഷ്യർ നിർമ്മിച്ച ബയോ ‌പ്‌ളാസ്‌റ്റിക്കുകളെല്ലാം പൂർണമായും ജീർണ്ണിച്ച് പോകുന്നതല്ല. ഒരു പ്രത്യേക അളവിലുള്ളവ മാത്രമാണ് ജീർണിച്ച് പോകുക. അല്ലാത്തവ ഒരു പരിധിക്കപ്പുറം നശിക്കില്ല. എന്നാൽ പുതിയ ബയോപ്ളാസ്‌റ്റിക്ക് ഇത്തരത്തിലുള്ളതല്ലെന്ന് ആൻഡ്രിയാസ് ബ്ളെനോ വ്യക്തമാക്കുന്നു.

ബയോപ്ളാസ്‌റ്റിക്കിലെ ചേരുവകൾ

ചോളം, ഉരുളക്കിഴങ്ങ്, ഗോതമ്പ്, ബാർലി എന്നിവയിൽനിന്നടക്കം വേർതിരിക്കുന്ന അമിലോസ്, പഞ്ചസാര നി‌ർമ്മാണ അവശിഷ്‌ടങ്ങളിൽ പെടുന്ന സെല്ലുലോസ് എന്നിവ ചേർത്താണ് ഈ ബയോ‌‌പ്‌ളാസ്‌‌റ്റിക് നിർമ്മിക്കുന്നത്. ചില പാക്കിംഗ് കമ്പനികളുമായി ചേ‌ർന്ന് ഭക്ഷ്യവസ്‌തു പാക്കിംഗിന് ഇവ പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നുണ്ട്. വൈകാതെ ബോട്ടിലുകൾ, ബാഗ് എന്നിവയടക്കം നിർമ്മിക്കാൻ ഈ വസ്‌തു ഉപയോഗിക്കാനാണ് ഗവേഷക‌ർ ലക്ഷ്യമിടുന്നത്.