
പത്തനംതിട്ട : പശുക്കളിലും എരുമകളിലും ബ്രൂസെല്ലോസിസ് രോഗം പടരുന്നു. ഇതു മനുഷ്യർക്കും ആരോഗ്യത്തിന് ഭീഷണിയാണെന്ന് മൃഗസംരക്ഷണവകുപ്പ്. ബ്രൂസെല്ലാേസിസ് പിടിപെടാതിരിക്കാൻ കിടാക്കളിൽ വാക്സിനേഷൻ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ഓമല്ലൂരിൽ നടന്നു. എല്ലാ കിടാക്കൾക്കും കുത്തിവയ്പ് എടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു.
സൗജന്യമായാണ് കുത്തിവയ്പ്. ക്ഷീരസംഘങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും ഇല്ലാത്തവർക്കും വാക്സിനേഷൻ ലഭിക്കും. രജിസ്റ്റർ ചെയ്യാത്തവർ അതത് പ്രദേശത്തെ മൃഗാശുപത്രികളെ സമീപിക്കണം. പശുക്കളെ വളർത്തുന്നവർക്കും പാൽ ഉപയോഗിക്കുന്നവർക്കും ബ്രൂസെല്ലോസിസ് പിടിപെടാൻ സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്തിടെ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ബ്രൂസല്ലോസിസ്
ബാക്ടീരിയ അണുബാധയിലൂടെ ഉണ്ടാകുന്ന രോഗം. രോഗമുള്ള മൃഗങ്ങളുടെ പാൽ, ശരീരസ്രവങ്ങൾ എന്നിയിലൂടെ പശുക്കളിലേക്കും മനുഷ്യരിലേക്കും പടരും.
പശു, എരുമ: ഗർഭമലസൽ, വന്ധ്യത, ഗർഭാശയരോഗം, പ്രത്യുലുദ്പ്പാദന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കാണപ്പെടുന്നു. പാലുദ്പ്പാദന സംബന്ധമായ രോഗങ്ങൾ, ഉദ്പ്പാദനക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.
മനുഷ്യരിൽ : ജലദോഷപ്പനിക്ക് സമാനമായ രോഗമുണ്ടാകുന്നു. വിട്ടുവിട്ടുള്ള പനി, സന്ധി, വൃഷണം വീക്കം, ഗർഭമലസൽ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു.
പരിഹാരം വാക്സിനേഷൻ : കിടാക്കളിൽ ഒരുവർഷം മൂന്നുമാസം കൂടുമ്പോൾ കുത്തിവയ്പ് എടുക്കണം.4 മുതൽ 8 മാസം വരെ പ്രായമായ പശുക്കുട്ടികൾ, എരുമക്കുട്ടികൾ എന്നിവയ്ക്ക് വാക്‌സിനേഷൻ ക്യാമ്പുകൾ വഴി കുത്തിവയ്പ്പ് നടത്തുന്നു.
ജില്ലയിൽ വാക്സിനേഷൻ 25വരെ
എല്ലാ കിടാക്കൾക്കും വാക്സിൻ കുത്തിവയ്പ്പ് എടുക്കണം. ഇല്ലെങ്കിൽ പാലുൽപ്പാദനം കുറയും. ഗർഭാശയ രോഗം പിടിപെടും.
ഡോ.ജെ.ഹരികുമാർ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ