
പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നും മുന്നോട്ട്. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 80ലെത്തി. വരും ദിവസങ്ങളിലും വിലവർദ്ധനവ് തുടരുമെന്നാണ് വിപണി നൽകുന്ന സൂചന. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെ പച്ചക്കറിക്കും കുത്തനെ വില ഉയർന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ താളംതെറ്റിച്ചിട്ടുണ്ട്.
പച്ചക്കറികൾക്ക് രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികമാണ് ഇപ്പോഴത്തെ വില. രണ്ട് ആഴ്ച കൂടി വിലക്കയറ്റം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ഹോർട്ടിക്കോർപ്പും സർക്കാരും. ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്ക് 10 മുതൽ 25 രൂപ വരെ വില ഉയർന്നിട്ടുണ്ട്. വലിയ ഉള്ളി കിലോയ്ക്ക് 50, ചെറിയ ഉള്ളി കിലോയ്ക്ക് 80, രണ്ടാഴ്ച മുമ്പ് പടവലം 15 രൂപയായിരുന്നു വില, ഇപ്പോഴത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതന 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വെണ്ടയ്‌ക്ക് ഇപ്പോൾ 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.
അതേസമയം സംസ്ഥാനത്തെ പഴം, പച്ചക്കറികളിൽ വിൽപ്പന നടത്തുന്ന വ്യാജ ജൈവ ഉല്പന്നങ്ങൾ നിയന്ത്രിക്കുന്നതിന് കർശന നടപടി കൈക്കൊള്ളുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഇതര സംസ്ഥാങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന കീടനാശിനി സാന്നിധ്യമുള്ള ഉൽപ്പന്നങ്ങളിന്മേലും പരിശോധന നടത്തി നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ ടി.ഐ.മധുസൂദനൻ, തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃഷി മന്ത്രി. ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ എന്നീ പദ്ധതികളിലൂടെ സുരക്ഷിത ആഹാരം ഉല്പാദിപ്പിക്കുന്നതിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പഴം, പച്ചക്കറികളിൽ അവശേഷിക്കുന്നതിനേക്കാൾ കീടനാശിനി സാന്നിധ്യം ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പഴം, പച്ചക്കറികളിൽ ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുള്ളതിനാൽ അതിർത്തി കടന്നെത്തുന്ന പഴം, പച്ചക്കറി ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാനുള്ള നടപടികൾ കൂടുതൽ ശക്തമാക്കും