actor-vijay

ചെന്നൈ: ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് തമിഴകത്തിന്റെ ദളപതി വിജയ്. ജൂണ്‍ 22ന് (ശനിയാഴ്ച) തന്റെ 50ാം പിറന്നാള്‍ ആഘോഷിക്കുന്ന താരം ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ഒരു ആഘോഷവും വേണ്ടെന്ന് പറയുകയാണ്.

താരത്തിന്റെ 50ാം പിറന്നാള്‍ ആഘോഷമാക്കാനായി ആരാധകര്‍ തയ്യാറെടുക്കുന്നതിനിടെയാണ് സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിതമായ നിലപാട്.


ജന്‍മദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തെ തുര്‍ന്നാണ് പരിപാടികള്‍ മാറ്റിവച്ചിരിക്കുന്നത്.

വിഷമദ്യ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ താരം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചിരുന്നു.

സര്‍ക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് എക്സിലൂടെ താരം പ്രതികരിച്ചിരുന്നു. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വിജയ് സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.