cricket

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ പിന്നെ പതിവ് പോലെ ജസ്പ്രീത് ബുംറ എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റ് കളി കാര്യത്തോട് അടുക്കുന്ന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. സൂപ്പര്‍ എട്ടില്‍ നാളെ ബംഗ്ലാദേശ് തിങ്കളാഴ്ച ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇപ്പോഴത്തെ ഫോമില്‍ ഇന്ത്യ സെമിയില്‍ എത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

സെമിയില്‍ സൗത്താഫ്രിക്കയോ വെസ്റ്റിന്‍ഡീസോ ഇംഗ്ലണ്ടോ ആയിരിക്കും ഇന്ത്യയുടെ എതിരാളികളെന്നും ഏറെക്കുറേ ഉറപ്പാണ്. അതായത് ബംഗ്ലാദേശിനെതിരെയുള്ള മത്സരം കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍മാര്‍ മാത്രമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ പടിക്കല്‍ കലമുടയ്ക്കുന്ന കലാപരിപാടി ഇന്ത്യ തുടങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിടുകയാണ്. 2013ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് അവസാനമായി ഇന്ത്യ ഉയര്‍ത്തിയ മേജര്‍ കിരീടം.

2014 ട്വന്റി 20 ലോകകപ്പില്‍ ഫൈനലില്‍ ശ്രീലങ്കയോട് തോറ്റു, 2015 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട്, 2016ല്‍ നാട്ടില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ സെമിയില്‍ വെസ്റ്റിന്‍ഡീസിനോട്, 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാക്സ്ഥാനോട് കലാശപ്പോരില്‍, 2019ല്‍ ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട്, 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വീണ്ടും ന്യൂസിലാന്‍ഡിനോട്, 2021ല്‍ ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍, 2022ല്‍ സെമിയില്‍ ഇംഗ്ലണ്ടിനോട്, 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഓസ്‌ട്രേലിയയോടും തോറ്റതാണ് ഇന്ത്യയുടെ പ്രകടനം.

ഏറ്റവുമൊടുവില്‍ 2023ല്‍ സ്വന്തം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ച് ഫൈനലില്‍ എത്തിയ ഇന്ത്യ ഓസ്‌ട്രേലിയയോട് ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് വഴങ്ങിയത്. കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാന്‍ ഇത്തവണ കച്ചകെട്ടിയിറങ്ങുന്ന ഇന്ത്യ ഇതുവരെ തോല്‍വി അറിയാതെ മുന്നേറുകയാണ്. എന്നാല്‍ പടിക്കല്‍ കലമുടയ്ക്കുന്ന പതിവിനേക്കാള്‍, എതിരാളികളുടെ ശക്തിയെക്കാള്‍ ഇന്ത്യന്‍ ആരാധകരെ ഭയപ്പെടുത്തുന്നത് സൂപ്പര്‍താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ വിരാട് കൊഹ്ലി എന്നിവരുടെ മോശം പ്രകടനമാണ്.

രണ്ട് പേര്‍ക്കും കാര്യമായി ബാറ്റ് കൊണ്ടും ഒന്നും ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. രോഹിത് ശര്‍മ്മയുടെ പേരില്‍ അയര്‍ലാന്‍ഡിനെതിരെ നേടിയ ഒരു അര്‍ദ്ധ സെഞ്ച്വറിയെങ്കിലും ഉണ്ട്. മാത്രവുമല്ല മികച്ച തുടക്കം നല്‍കാനുള്ള ശ്രമത്തിലാണ് നായകന്‍ വിക്കറ്റ് വലിച്ചെറിയുന്നതെന്ന ആശ്വാസവുമുണ്ട്. സാഹചര്യം അനുസരിച്ച് ഗെയിം പ്ലാന്‍ മാറ്റിയാല്‍ രോഹിത്ത് കത്തിക്കയറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

എന്നാല്‍ കൊഹ്ലിയുടെ കാര്യം മറിച്ചാണ്. ഐപിഎല്ലില്‍ തകര്‍ത്തടിച്ച് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ സൂപ്പര്‍താരം ലോകകപ്പില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയത് താരത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകരും ആരാധകരും ഒരുപോലെ വിശ്വസിക്കുന്നത്. ഇത് തന്നെയാണ് ഐപിഎല്‍ പ്രകടനങ്ങളുടെ നിഴല്‍ മാത്രമായി കൊഹ്ലി മാറിയതിന് കാരണമെന്നും നിരീക്ഷകര്‍ കരുതുന്നു. എന്തായാലും ഇനിയുള്ള മത്സരങ്ങളില്‍ ഇരുവരും മികവിലേക്ക് ഉയരുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇതുവരെയുള്ള മത്സരങ്ങളില്‍ ഇരുവരും നേടിയ സ്‌കോര്‍ പരിശോധിക്കാം. എതിരാളികള്‍, രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി എന്നിവരുടെ സ്‌കോര്‍ എന്ന നിലയില്‍, ബ്രാക്കറ്റില്‍ നേരിട്ട പന്തുകളുടെ എണ്ണം.

അയര്‍ലാന്‍ഡ് - 52*(37), 1(5)
പാകിസ്ഥാന്‍ - 13(12), 4(3)
യുഎസ്എ - 3(6), 0(1)
അഫ്ഗാനിസ്ഥാന്‍ - 8(13), 24(24)

നാല് മത്സരങ്ങളില്‍ നിന്ന് 68 പന്തുകളില്‍ 76 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. 33 പന്തുകളില്‍ നിന്ന് വെറും 29 റണ്‍സ് മാത്രം നേടിയ കൊഹ്ലിയുടെ സ്ഥിതി ഇതിലും ദയനീയമാണ്. ആറ് ഫോറും നാല് സിക്‌സറുകളും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ കൊഹ്ലിയുടെ സമ്പാദ്യം ഒരു സിക്‌സും ഒരു ഫോറും മാത്രമാണ്. അതുകൊണ്ട് തന്നെയാണ് മറ്റെന്തിനേക്കാളും ഇരുവരുടേയും പ്രകടനം ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.