atal-setu

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഉദ്ഘാടനം നടത്തി തുറന്ന് കൊടുത്ത പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയെന്നാണ് കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷന്‍ നാന പട്ടോലയുടെ ആരോപണം. പാലത്തിന്റെ പരിശോധന നടത്തിയെന്നും ഗുണനിലവാരമില്ലെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.

പട്ടോല പാലത്തില്‍ പരിശോധന നടത്തുന്നതിന്റേയും പിന്നീട് ഇവിടെ നിര്‍മാണ കമ്പനി അറ്റകുറ്റപ്പമി നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുംബയ് മഹാനഗരത്തേയും നവി മുംബയേയും ബന്ധിപ്പിക്കുന്ന പാലത്തില്‍ നവി മുംബയ്ക്ക് സമീപം അര കിലോമീറ്ററോളം ഒരടി താഴ്ന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്ന ദൃശ്യങ്ങളില്‍ വിള്ളല്‍ വ്യക്തമായി കാണുകയും ചെയ്യാം.


വിള്ളല്‍ പാലത്തിലല്ല അപ്രോച്ച് റോഡിലാണെന്ന വാദമാണ് ബിജെപിയും പാലത്തിന്റെ നിര്‍മാണ ചുമതല വഹിച്ചിരുന്ന മുംബയ് മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും പറയുന്നത്. അടല്‍ സേതുവിനെ അപകീര്‍ത്തിപ്പെടുത്തുന്നത് നിര്‍ത്തൂവെന്ന് ബിജെപി എക്‌സില്‍ പ്രതികരിച്ചു.18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകേ മുംബയ്‌യേയും നവി മുംബയ്‌യേയും ബന്ധിപ്പിച്ച് നിര്‍മിച്ച അടല്‍ സേതു പാലത്തിന് 21.8 കിലോമീറ്ററാണ് നീളം.

നവി മുംബെയ്‌യില്‍നിന്ന് മുംബയ് നഗരത്തിലേക്കുള്ള ദൂരം പിന്നിടാനുള്ള സമയം ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങും എന്നതാണ് പാലത്തിന്റെ പ്രത്യേകത. ആകെയുള്ള 21.8 കിലോമീറ്റര്‍ ദൂരത്തില്‍ 16.5 കിലോമീറ്റര്‍ കടലിലും 5.8 കിലോമീറ്റര്‍ കരയിലുമായാണ് കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. 27 മീറ്ററാണ് പാലത്തിന്റെ വീതി.