cricket

സെയ്ന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8 ഗ്രൂപ്പ് 2 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് വിജയം. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക തോല്‍പ്പിച്ചത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് മറുപടി ആറിന് 156 എന്ന സ്‌കോറില്‍ ഒതുങ്ങി. ഒരവസരത്തില്‍ മത്സരം കൈവിട്ടെന്ന് തോന്നിച്ച ആഫ്രിക്കന്‍ കരുത്തന്‍മാരെ മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ 19ാം ഓവറാണ് ജയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വെറും 7 റണ്‍സ് മാത്രമാണ് ഈ ഓവറില്‍ യാന്‍സന്‍ വിട്ടുകൊടുത്തത്.

സ്‌കോര്‍: സൗത്താഫ്രിക്ക 163-6 (20), ഇംഗ്ലണ്ട് 156-6 (20)
പ്ലെയര്‍ ഓഫ് ദി മാച്ച്: ക്വിന്റണ്‍ ഡി കോക്ക്

വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം മെച്ചപ്പെട്ടതായിരുന്നില്ല. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 17(20), ഫിലിപ്പ് സാള്‍ട്ട് 11(8) മൂന്നാമനായി എത്തിയ ജോണി ബെയ്ര്‍സ്‌റ്റോ 16(20) എന്നിവര്‍ക്ക് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. നാലാമനായി മൊയിന്‍ അലി 9(10) കൂടി പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 10.2 ഓവറില്‍ 61ന് നാല് എന്ന നിലയിലായിരുന്നു. അവിടെ നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക് 53(37), ലിയാം ലിവിംഗ്‌സ്റ്റണ്‍ 33(17) എന്നിവര്‍ അതിവേഗം സ്‌കോര്‍ ചെയ്തതോടെ ഇംഗ്ലണ്ട് വിജയം സ്വപ്‌നം കണ്ട് തുടങ്ങി.

എന്നാല്‍ കാഗിസോ റബാഡ എറിഞ്ഞ 18ാം ഓവറിലെ രണ്ടാം പന്തില്‍ ലിവിംഗ്സ്റ്റണും അവസാന ഓവറില്‍ ആന്റിച്ച് നോര്‍ക്യയുടെ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ബ്രൂക്കും പുറത്തായതോടെ മത്സരം സൗത്താഫ്രിക്കയ്ക്ക് അനുകൂലമായി മാറി. സാം കറന്‍ 10(7), ജോഫ്രാ ആര്‍ച്ചര്‍ 1(2) എന്നിവര്‍ പുറത്താകാതെ നിന്നു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഒട്‌നീല്‍ ബാര്‍ട്മാന്‍, ആന്റിച്ച് നോര്‍ക്യ എ്ന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് നേടിയ അര്‍ദ്ധ സെഞ്ച്വറി 65(38) മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ക്യു.ഡി.കെയുടെ ഇന്നിംഗ്‌സ്. 28 പന്തില്‍ 43 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ മികച്ച പിന്തുണ നല്‍കി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് പുറത്താകാതെ 12*(11) റണ്‍സ് നേടി. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് 19(25) റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും മൊയിന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.