
കാസർകോട്: കൊവിഡ് മഹാമാരിക്കാലത്ത് ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച കൊവിഡ് ആശുപത്രി ഇനി ചായക്കടയായും വിശ്രമ കേന്ദ്രമായും ഗോഡൗണായും മാറും. 60 കോടി മുടക്കി നിർമ്മിച്ച ആശുപത്രിയാണ് പൊളിച്ചതിന് ശേഷം മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ആശുപത്രി പൊളിച്ചു നീക്കുന്നതിന്റെ മാനക്കേട് ഒഴുവാക്കുന്നതിന് കൂടിയാണ് പൊളിക്കുന്ന കണ്ടെയിനറുകൾ ഉപയോഗപ്പെടുത്താൻ അധികൃതർ മറ്റൊരു വഴി കണ്ടെത്തിയത്.
കണ്ടെയിനറുകൾ അഴിച്ചെടുത്ത് സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലത്ത് ആരംഭിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിന് കെട്ടിടം പണിയുന്നതിന് നിർമ്മാണ സ്ഥലത്തെ 24 കണ്ടെയിനറുകളാണ് ആദ്യ ഘട്ടത്തിൽ മാറ്റുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിന് 4 എണ്ണം, ഹാർബർ എഞ്ചിനിയർ വകുപ്പിന് 10, ഡിടിപിസി 4, വനംവകുപ്പ് 2, മത്സ്യഫെഡ് 4 എന്നിങ്ങനെ ഇവിടെ നിന്ന് പൊളിച്ചുകൊണ്ടു പോകും.
തെക്കിൽ വില്ലേജിൽ 540 കിടക്കകളോട് കൂടിയ പ്രീഫാബ്രികേറ്റഡ് കണ്ടെയ്നറുകളാണ് ടാറ്റാ ഗ്രൂപ്പ് സർക്കാരിന് നിർമിച്ചു കൈമാറിയത്. കൊവിഡ് ബാധിതർ അടക്കം മുന്നൂറിലധികം പേരാണ് ഈ സ്ഥാപനത്തിലുള്ളത്. കൃത്യമായ അറ്റുകുറ്റപ്പണിയും പരിചരണവും നടത്താത്ത ആശുപത്രിയുടെ കണ്ടെയിനർ നശിച്ചത് വ്യാപക വിമർശനത്തിന് കാരണമാക്കിയിരുന്നു. തുടർന്ന് ആശുപത്രിയുടെ വികസനം ചർച്ച ചെയ്യുന്നതിന് സിഎച്ച് കുഞ്ഞമ്പു എംഎൽഎയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ക്രിട്ടിക്കൽ കെയർ നിർമ്മിക്കുന്ന സ്ഥലത്തെ കണ്ടെയിനറുകൾ ആവശ്യമുള്ള സർക്കാർ വകുപ്പുകൾക്ക് നൽകാൻ തീരുമാനിച്ചത്.
കണ്ടെയിനറുകൾ കൊണ്ടുപോകുന്നതിനുള്ള ചെലവ് അതത് വകുപ്പുകൾ വഹിക്കണം. 3 ബ്ലോക്കുകളിലായി ആകെ 128 കണ്ടെയിനറുകളാണ് കൊവിഡ് ആശുപത്രിക്കായി ഉപയോഗിച്ചിട്ടുള്ളത്. സർക്കാർ ആവശ്യം കഴിഞ്ഞ് കണ്ടെയിനർ ബാക്കിയുണ്ടെങ്കിൽ സ്വകാര്യ വ്യക്തികൾക്ക് ടെൻഡർ ചെയ്തു നൽകും.
കൊവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ ശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമായത്. നിർമ്മിച്ചു നൽകിയത് ടാറ്റ ആണെങ്കിലും പരിപാലിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരുന്നു. കൊവിഡിന് ശേഷം ആശുപത്രി മറ്റു രോഗങ്ങൾക്ക് ഉപയോഗിക്കാമെന്നായിരുന്നു അറിയിച്ചത്. റോഡ്, വൈദ്യുതി എന്നിവയ്ക്ക് 12 കോടിയോളം രൂപ സർക്കാരും ചെലവഴിച്ചിരുന്നു.