kollam-fish-

കൊല്ലം: തന്റെ പേരിലുള്ള വ്യാജ പ്രചാരണത്തിൽ വല്ലാതെ സങ്കടപ്പെട്ടിരിക്കുകയാണ് കൊല്ലത്തിന്റെ സ്വന്തം നെയ്ച്ചാള!. ലഭ്യത കുറഞ്ഞതോടെ നെയ്ച്ചാളയ്ക്കുള്ള ലേലം ഹാർബറുകളിൽ കൊടുമ്പിരി കൊള്ളുന്നുണ്ടെങ്കിലും ശരാശരി വില (കിലോയ്ക്ക്) 280ന് മുകളിലേക്ക് പോകാറില്ല.

കച്ചവടക്കാരാണ് കൊള്ളലാഭം കൊയ്ത് പാവം നെയ്ച്ചാളയെ ജനങ്ങൾക്കിടയിൽ ക്രൂരനാക്കുന്നത്. കൊല്ലം തീരത്തിന്റെ ട്രേഡ് മാർക്കായ നെയ്ച്ചാള പുറത്ത് മത്തിയെന്നാണ് അറിയപ്പെടുന്നത്. കൊല്ലം തീരത്ത് നിന്ന് കിലോ 280 രൂപയ്ക്ക് വാങ്ങുന്ന നെയ്ച്ചാള ട്രോളിംഗ് നിരോധനത്തിന്റെ മറവിൽ കച്ചവടക്കാർ 400 രൂപയ്ക്കാണ് വിൽക്കുന്നത്.

സ്കൂട്ടറിൽ കച്ചവടം നടത്തുന്നവർ 35 കിലോ വരെ തൂക്കമുള്ള മൂന്ന് കുട്ടയെങ്കിലും വാങ്ങും. പെട്ടി ഓട്ടോക്കാർ ശരാശരി ആറ് പെട്ടിവരെ ലേലത്തിലെടുക്കും. കിലോയ്ക്ക് 120 രൂപ വരെ അധികം ഈടാക്കിയാണ് കൊള്ളലാഭം കൊയ്യുന്നത്.

മൺസൂൺ കാലത്ത് മഴവെള്ളത്തിൽ കടൽ തണുക്കുമ്പോഴാണ് നെയ്ച്ചാളക്കൂട്ടം തീരക്കടലിലേക്ക് എത്തുന്നത്. വിരലിലെണ്ണാവുന്ന വള്ളങ്ങൾക്ക് മാത്രമാണ് നെയ്ച്ചാള കാര്യമായി കിട്ടുന്നത്. രുചിയിൽ നെയ്ച്ചാളയേക്കാൾ പിന്നിൽ നിൽക്കുന്ന കരിച്ചാളയും കൊല്ലത്ത് നിന്നുള്ള വള്ളക്കാർക്ക് ഇപ്പോൾ കിട്ടുന്നില്ല.

കൊള്ള നടത്തുന്നത് കച്ചവടക്കാർ

 കഴിഞ്ഞ മൂന്ന് വർഷമായി കൊല്ലം തീരത്ത് നെയ്ച്ചാള ലഭ്യത ഇടിഞ്ഞു

 നേരത്തെ വലിയളവിൽ കിട്ടിയിരുന്നു

 അടുത്തെങ്ങും കൊല്ലം തീരത്ത് വില ഉയർന്നിട്ടില്ല

 കച്ചവടക്കാർ വില കൂട്ടി വിൽക്കുന്നു

 നെയ്ച്ചാള കഴിഞ്ഞദിവസം കിട്ടിയത് മുതലപ്പൊഴി ഭാഗത്ത്

 ഏതാനും ദിവസം മുമ്പ് ആലപ്പുഴയിലും

വില

ഇന്നലെ ₹ 200-250

20ന് ₹ 240-280

19ന് ₹160-240

കൊല്ലം തീരത്ത് നെയ്ച്ചാളയ്ക്ക് ഇന്നലെ 280 രൂപയായിരുന്നു. രണ്ട് ദിവസം മുമ്പ് 160 രൂപയ്ക്കും ലേലം പോയി. 400 രൂപയ്ക്ക് വിൽക്കേണ്ട സാഹചര്യമില്ല.

നെൽസൺ, ലേലക്കാരൻ, കൊല്ലം തീരം