hair

ഇന്ന് മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. മാനസിക സമ്മർദവും, പാരമ്പര്യവും, പോഷകാഹാരക്കുറവും, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്.

കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ വരെ സാദ്ധ്യതയുണ്ട്. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള ഔഷധം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - 1 ഗ്ലാസ്

തേയിലപ്പൊടി - 2 ടേബിൾസ്‌പൂൺ

മൈലാഞ്ചിപ്പൊടി - 3 ടേബിൾസ്‌പൂൺ

നീലയമരിപ്പൊടി - 3 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

തേയിലവെള്ളം നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. മൈലാഞ്ചിപ്പൊടി ഒരു പാത്രത്തിലെടുത്ത് അതിൽ തേയിലവെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കി അടച്ച് വയ്‌ക്കുക. മറ്റൊരു പാത്രത്തിൽ നീലയമരിപ്പൊടിയും കട്ടൻ ചായയും യോജിപ്പിച്ച് അടച്ചുവയ്‌ക്കുക. ഒരു രാത്രി മുഴുവൻ വച്ചശേഷം വേണം ഇത് ഉപയോഗിക്കാൻ.

ഉപയോഗിക്കേണ്ട വിധം

ആദ്യം മൈലാഞ്ചി കൂട്ട് മുടിയിൽ പുരട്ടി നന്നായി ഉണങ്ങുമ്പോൾ ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയണം. ശേഷം അര മണിക്കൂർ ഉണക്കുക. അതിനുശേഷം നീലയമരിക്കൂട്ട് തലയിൽ പുരട്ടി അരമണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. മൂന്ന് ദിവസത്തേക്ക് ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഒരുപാട് നര ഉള്ളവരാണെങ്കിൽ അടുപ്പിച്ച് മൂന്ന് ദിവസം ഇങ്ങനെ ചെയ്യണം.