mamta-mohandas

സൂപ്പർ സ്റ്റാർ പദവികൾ പ്രേക്ഷകർ കൊടുക്കുന്നതല്ലെന്നും സ്വയം പ്രഖ്യാപിതമാണെന്നും നടി മംമ്‌താ മോഹൻദാസ്. സൂപ്പർതാര പദവിക്കായി ഒരിക്കലും ശ്രമിക്കാത്തയാളാണ് താനെന്നും നടി പറഞ്ഞു. പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ളസിനുനൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

'ഏതുഭാഷയിലാണെങ്കിലും താരങ്ങൾ സ്വന്തം പ്രമോഷനുവേണ്ടി പിആർ ടീമിനെ നിയോഗിക്കുന്നുണ്ട്. അർഹതയൊന്നുമില്ലെങ്കിലും മാദ്ധ്യമങ്ങളിൽ വാർത്തവരുത്താൻ ഇതുതന്നെയാണ് മാർഗം. സൂപ്പർതാര പദവിക്കായി ഒരിക്കലും ശ്രമിക്കാത്തയാളാണ് ഞാനെന്ന് സഹപ്രവർത്തകർക്കറിയാം.

ഒപ്പം അഭിനയിക്കുന്നവർക്ക് പ്രചാരണ പോസ്റ്ററുകളിൽപ്പോലും സ്ഥാനം കൊടുക്കരുതെന്ന് ഞാൻ പറയാറില്ല. എനിക്ക് അങ്ങനെയൊരു മനോഭാവമില്ല. എത്രയോ സിനിമകളിൽ സെക്കന്റ് ഹീറോയിനായി അഭിനയിച്ചു. മലയാളത്തിലെ ഒരു പ്രമുഖനടി വൻ തിരിച്ചുവരവ് നടത്തിയ സിനിമയിൽവരെ അതിഥി വേഷം ചെയ്തു. അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാനായിരുന്നു എന്റെ ശ്രമം. പക്ഷേ എന്റെ സിനിമയിൽ അതിഥിവേഷത്തിന് ക്ഷണിച്ചപ്പോൾ അവർ മുഖംതിരിച്ചു.

അരക്ഷിതത്വം മാത്രമാണ് ഇത്തരം നിലപാടിന് ആധാരം. എനിക്ക് അതില്ലെന്ന് ഉത്തമ ബോധ്യമുണ്ട്. അതുതന്നെയാണ് എന്നെ വ്യത്യസ്തയാക്കുന്നത്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്താണ് സൂപ്പ‌ർസ്റ്റാർ എന്നതിന്റെ അർത്ഥമെന്ന്. നമ്പർ വൺ, നമ്പർ ടു റാങ്കിംഗിനൊക്കെ ശ്രമിക്കുന്നവരാണ് സൂപ്പർസ്റ്റാർ ടൈറ്റിലിനുവേണ്ടി ശ്രമിക്കുന്നത്. ഞാൻ എന്തായാലും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. എനിക്കതിന്റെ ആവശ്യമില്ല എന്നതാണ് സത്യം.

സ്വയംപ്രഖ്യാപിത സൂപ്പർസ്റ്റാറുകളെയൊന്നും ഞാൻ കാര്യമാക്കാറില്ല. എന്റെ പണി അഭിനയിക്കുക എന്നത് മാത്രമാണ്. അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും അതിനുവേണ്ടി എന്റെ നൂറ് ശതമാനവും കൊടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ട് . വേറൊന്നും ആവശ്യമില്ല'- മംമ്‌ത വ്യക്തമാക്കി.


മംമ്‌തയുടെ വിമർശനം നടി മഞ്ജു വാര്യർക്കുനേരെയാണെന്നാണ് അഭിപ്രായം ഉയരുന്നത്. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തിയ ഉദാഹരണം സുജാതയിൽ മംമ്‌ത അതിഥിവേഷം ചെയ്തിരുന്നു.