desamangalam

തൃശൂര്‍: വവ്വാലുകള്‍ പെറ്റുപെരുകിയതോടെ തൃശൂര്‍ ദേശമംഗലം പള്ളത്ത് വഴിയാത്രക്കാര്‍ നടക്കുന്നത് തലയില്‍ മുണ്ടിട്ട്. തലയില്‍ വവ്വാല്‍ കാഷ്ടം വീഴാതിരിക്കാനാണ് ഈ പെടാപ്പാട്. വവ്വാലുകളുടെ കാഷ്ടം വീണ് കുടിവെള്ളം മലിനമാകുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. കിണറുകള്‍ മൊത്തം ഷീറ്റിട്ട് മൂടി.

പല വീടുകളിലും കുടിവെള്ളം പോലും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പഞ്ചായത്തിൽ പരാതി കൊടുത്തപ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയതത്രേ. മുറ്റത്തുപോലും ഇറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. ആദ്യമൊക്കെ ഒന്നോ രണ്ടോ എണ്ണം വവ്വാലുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ അടുത്തിടെയായി നൂറുകണക്കിനാണ് വീടുകൾക്ക് ചുറ്റും തമ്പടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

പരാതികള്‍ വ്യാപകമായതോടെ വനംവകുപ്പിലെ ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു. വവ്വാൽ ശല്യത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാവലുകളുടെ കുപ്രസിദ്ധി

ഇരുട്ടത്ത്​ പുറത്തിറങ്ങുന്നതിനാൽ പൊതുവേ ചീത്തപ്പേരുള്ള ജീവിയാണ്​ വവ്വാൽ. മരണം, ആത്മാക്കൾ, അമാനുഷികത എന്നിവയെ പ്രതിനിധീകരിക്കുന്ന ജീവികളാണ്​ മനുഷ്യർക്ക്​ പണ്ടേ വവ്വാലുകൾ. നാടോടിക്കഥകളും സാഹിത്യവും സിനിമകളും ഈ സങ്കൽപ്പത്തെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്​. ലോകത്തിലെ മിക്ക ജനസമൂഹങ്ങളിലും അതിനാൽതന്നെ ‘ചിറപ്​റ്റോഫോബിയ’ സജീവമാണ്​.

പലയിടങ്ങളിലും വവ്വാലുകളുടെ കോളനികൾ അധിവസിച്ചിരുന്ന ഭീമാകാരമായ പഴയ മരങ്ങൾ വെട്ടിമാറ്റപ്പെട്ടു. വനാതിർത്തികളിലും ഗ്രാമപ്രദേശങ്ങളിലും ചെറിയ കോളനികളിൽ വസിക്കുന്ന വവ്വാലുകളെ വിരട്ടിയോടിക്കാൻ പടക്കങ്ങൾ ഉദാരമായി ഉപയോഗിച്ചിരുന്നു.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) പോലുള്ള ഏജൻസികൾ വവ്വാലുകളുമായി ബന്ധപ്പെട്ട മിഥ്യാധാരണകളെ ലഘൂകരിക്കാനും കാർഷിക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനും വവ്വാലുകളുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്​. വവ്വാലുകൾ സസ്തനി വിഭാഗത്തിൽപെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പും വ്യക്തമാക്കുന്നു.