arrest-1

പെരിങ്ങോട്ടുകര: താന്ന്യത്ത് വീട്ടിൽ നിന്ന് യുവാവിനെ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി. പൊലീസാണെന്ന് പറഞ്ഞ് യുവാവിനെ വീട്ടിൽ നിന്ന് ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. എറണാകുളം എളമക്കര പൊലീസ് കാർ തടഞ്ഞ് യുവാവിനെ മോചിപ്പിച്ചു.

പെരിങ്ങോട്ടുകര സ്വദേശി വാഴൂർ വീട്ടിൽ കൃഷ്ണദേവിനെ (35) ആണ് വ്യാഴാഴ്ച രാത്രി പത്തിന് വീട്ടിൽ നിന്ന് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. പൊലീസുകാരാണെന്ന് പറഞ്ഞായിരുന്നു ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്.

തുടർന്ന് വീട്ടുകാർ അന്തിക്കാട് പൊലീസിൽ വിവരം അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എറണാകുളം ഭാഗത്തേക്കാണ് പോയതെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു സ്റ്റേഷനുകളിലേക്ക് പൊലീസ് വിവരം കൈമാറി. തുടർന്ന് എറണാകുളത്തു വച്ച് എളമക്കര പൊലീസാണ് കാർ തടഞ്ഞ് പ്രതികളെ പിടികൂടിയത്.

കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചെട്ടിയാറ ബിനിൽ (29), മൂത്തകുന്നം വടക്കേക്കര വാലത്ത് ആന്റണി റോഹൻ (42), ആലപ്പുഴ മാരാരിക്കുളം നിധീഷ് ഭവനിൽ നിധീഷ് (36) എന്നിവരാണ് അറസ്റ്റിലായത്. വാഹനം റെന്റിനെടുത്തതുമായി ബന്ധപ്പെട്ട വിഷയമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് എളമക്കര പൊലീസ് പ്രതികളെ അന്തിക്കാട് പൊലീസിന് കൈമാറി.