accident

കോട്ടയം: പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ബംഗ്ലൂരിൽ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന സൂരജ് ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. പാല കുറിഞ്ഞി കുഴുവേലി വളവിൽ ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു അപകടം. ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗളൂരു-തിരുവല്ല അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.

പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പൊലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ 26 യാത്രക്കാരുണ്ടായിരുന്നു. കൊടുംവളവും കുത്തനെയുള്ള ഇറക്കവുമുള്ള പ്രദേശമായതിനാൽ ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. വളവ് ഇറങ്ങി വന്ന ബസ് മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സമീപം അൻപതടി താഴ്ചയുള്ള കുഴിയുണ്ടായിരുന്നു. ബസ് മറിഞ്ഞ് റോഡിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് നിന്നത് വലിയ ദുരന്തം ഒഴിവാക്കി.

അതേസമയം, കോഴിക്കോട്ട് പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ചു. ഈ സമയം പമ്പ് ജീവനക്കാരൻ ഓടിയെത്തി തീയണച്ചു. കോഴിക്കോട് മുക്കം നോർത്ത് കാരശേരിയിലെ കെ സി കെ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. പെട്രോൾ പമ്പ് ജീവനക്കാരനായ മുജാഹിദ് സമയോചിതമായി എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ടിരിക്കുന്ന ഓട്ടോയുടെ അടിവശത്തുനിന്നും തീപടരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതുകണ്ടതോടെ പരിഭ്രാന്തനാകുന്ന ഡ്രൈവറെയും വീഡിയോയിൽ കാണാം. എന്നാൽ യുവാവ് ഉടൻ തന്നെ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.