കബളിപ്പിച്ചത് ചാലയിലെ പൈനാപ്പിൾ വ്യാപാരിയെ
തിരുവനന്തപുരം: നോട്ടിരട്ടിപ്പ് സംഘത്തിന് ഒത്താശ ചെയ്‌ത മെഡിക്കൽ കോളേജ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എൻ.സുനിൽ കുമാറിനെ പിരിച്ചുവിടും. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനുള്ള നടപടികൾ സ്വീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എച്ച്.നാഗരാജു അറിയിച്ചു. കേസിൽ അറസ്റ്റിലായ സുനിൽകുമാർ കഴിഞ്ഞ വർഷം ജൂൺ മുതൽ സസ്‌പെൻഷനിലാണ്.
ചാല മാർക്കറ്റിലെ പൈനാപ്പിൾ വ്യാപാരിയായ ബോസിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്തായിരുന്നു തട്ടിപ്പ്. കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ഇടുക്കി വെള്ളത്തൂവലിന് സമീപം ചിത്തിരപുരത്തേക്ക് ബോസിനെ വിളിച്ചുവരുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് 35 ലക്ഷം രൂപ പിൻവലിച്ച് കൈക്കലാക്കി. തട്ടിപ്പ് മനസിലാക്കിയതോടെ ബോസ് വെള്ളത്തുവൽ സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞവർഷം ജൂൺ രണ്ടിന് കേസിൽ സുനിൽകുമാർ അറസ്റ്റിലായി. തൊടുപുഴ മുട്ടം ജയിലിൽ റിമാൻഡിലുള്ള ഇയാളെ ഉടൻ സസ്‌പെൻഡ് ചെയ്‌തിരുന്നു.
തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിൽ സുനിൽകുമാറിന്റേത് കടുത്ത അച്ചടക്കലംഘനവും സ്വഭാവ ദൂഷ്യവുമാണെന്ന് കണ്ടെത്തി. പൊതുസമൂഹത്തിൽ പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്. തുടർന്നാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്.