euro-cup

ജോർജിയ 1- ചെക്ക് റിപ്പബ്ളിക്ക് 1

ഹാംബർഗ് : തങ്ങളുടെ ആദ്യ യൂറോകപ്പിനെത്തിയ ജോർജിയ രണ്ടാം മത്സരത്തിൽ കരുത്തരായ ചെക്ക് റിപ്പബ്ളിക്കിനെ 1-1ന് സമനിലയിൽ തളച്ചു. ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ പെനാൽറ്റിയിലൂടെ ജോർജിയ സ്കോർ ചെയ്തെങ്കിലും 59-ാം മിനിട്ടിൽ പാട്രിക്ക് ഷിക്കിന്റെ ഗോളിലൂടെ ചെക്ക് സമനില നേടിയെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ തുർക്കിയോട് 3-1ന് തോറ്റിരുന്ന ജോർജിയയെ ഇന്നലെ മറ്റൊരു തോൽവിയിൽ നിന്ന് രക്ഷിച്ചത് ഗോൾ കീപ്പർ ജോർജി മമദാർഷ്‌വിലിയുടെ അതിഗംഭീരപ്രകടനമാണ്. സ്പാനിഷ് ക്ളബ് വലൻസിയയുടെ കീപ്പറായ മമദാർഷ്‌വിലി ചെക്ക് താരങ്ങൾ ഉതിർത്ത12 ഷോട്ടുകളിൽ 11 എണ്ണവും സേവുചെയ്തു കളഞ്ഞു. ആക്രമണ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നതിൽ ചെക്ക് റിപ്പബ്ളിക്കാണ് മുന്നിൽ നിന്നതെങ്കിലും അപ്രതീക്ഷിതമായി കിട്ടിയ പെനാൽറ്റിയിലൂടെ ജോർജിയ മുന്നിലെത്തുകയായിരുന്നു.

ബുധനാഴ്ച രാത്രി പോർച്ചുഗലുമായാണ് ജോർജിയയുടെ അടുത്ത മത്സരം. അന്ന് ചെക് റിപ്പബ്ളിക്ക് തുർക്കിയെ നേരിടും.

അടിയും തിരിച്ചടിയും

1-0

45+4( പെനാൽറ്റി)

മികാവുതാഡ്സെ

പോർച്ചുഗലിനെതിരായ മത്സരത്തിൽ സെൽഫ് ഗോളടിച്ചിരുന്ന റോബിൻ ഹ്റാൻകിന്റെ പിഴവാണ് ഇന്നലെയും ചെക്കിന് തിരിച്ചടിയായത്. ഹ്റാൻകിന്റെ ഹാൻഡ്ബാൾ ഫൗളിന് വാർ ചെക് നടത്തി റഫറി വിധിച്ച പെനാൽറ്റി മികാവുതാഡ്സെ നിഷ്പ്രയാസം വലയിലാക്കി.

1-1

59-ാം മിനിട്ട്

പാട്രിക് ഷിക്ക്

ഒരു കോർണർ കിക്ക് നെഞ്ചുകൊണ്ട് വലയിലേക്ക് തട്ടിയിട്ടാണ് പാട്രിക് ഷിക്ക് മത്സരം സമനിലയിലാക്കിയത്. അതുവരെയുള്ള ചെക്ക് ശ്രമങ്ങളെല്ലാം ചെറുത്തിരുന്ന മമദാർഷ്‌വിലിയെ അപ്രസക്തനാക്കിയാണ് ഷിക്ക് ഗോൾ ചെയ്തത്.

9

മഞ്ഞക്കാർഡുകളാണ് മത്സരത്തിൽ റഫറി പുറത്തെടുത്തത്. ഇതിൽ അഞ്ചെണ്ണവും ചെക്ക് താരങ്ങളാണ് വാങ്ങിയത്. നാലെണ്ണം ജോർജിയൻ താരങ്ങൾക്കും ലഭിച്ചു.