
തിരുവനന്തപുരം:   അമ്പതാം വാർഷികത്തോടനുബന്ധിച്ച് 11 പുതിയ പദ്ധതികൾ നടപ്പാക്കാൻ സപ്ലൈകോ. നിലവിലുള്ളവയ്ക്ക് പുറമെ 10 മെഡിക്കൽ സ്റ്റോറുകൾകൂടി 'സപ്ലൈകോ മെഡി മാർട്ട്' എന്ന പേരിൽ ആരംഭിക്കും. സ്റ്റോറിൽ മരുന്നുകൾക്ക് പുറമെ ശസ്ത്രക്രിയ ഉപകരണങ്ങളും ആരോഗ്യസംരക്ഷണ ഉത്പന്നങ്ങളും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളും ലഭിക്കും. 1000 രൂപയിൽ കൂടുതൽ വിലയുള്ള മരുന്നുകളുടെ ഓർഡർ വീടുകളിൽ നേരിട്ടെത്തിക്കും.
ശബരി ബ്രാൻഡിൽ ഉപ്പ്, പഞ്ചാസാരയടക്കം കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കും. റേഷൻ ഗോഡൗണുകളും സപ്ലൈകോ ഗോഡൗണുകളും ആധുനികവത്കരിക്കും. സപ്ലൈകോ ആസ്ഥാനത്തും മറ്റ് ഓഫീസുകളിലുമായി കെട്ടിക്കിടക്കുന്ന ഫയലുകൾ അദാലത്ത് നടത്തി പരിഹരിക്കും. 2022-23 വരെയുള്ള ഓഡിറ്റ് എത്രയും വേഗം പൂർത്തീകരിക്കും. എല്ലാ സപ്ലൈകോ വിൽപനശാലകളിലും ഇ.ആർ.പി പൂർണമായും നടപ്പാക്കും. സപ്ലൈകോയുടെ ചരിത്രം വിവരിക്കുന്ന സുവനീർ ഡിസംബറിൽ പുറത്തിറക്കുമെന്നും മന്ത്രി ജി.ആർ. അനിൽ  വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണം ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം വഴിയാക്കും.ക്രമക്കേടുകളും വരുമാനചോർച്ചയും തടയിടുന്നത് ലക്ഷ്യമിട്ടാണ് ഉപഭോക്താക്കളുടെ ആധാർ വിവരങ്ങളും വിരലടയാളവും ഇപോസ് മെഷീൻ വഴി പരിശോധിച്ച് 13 ഇന സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുക. ഇതിനായി റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ (ആർ.സി.എം.എസ്) ഡേറ്റ സപ്ലൈകോയ്ക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് നൽകും.  നെല്ല് സംഭരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനും ആധാർ ലിങ്ക്ഡ് ബയോമെട്രിക് സംവിധാനം ആലോചിക്കുന്നുണ്ട്. 2.25 ലക്ഷം കർഷകരിൽ നിന്നാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇവരുടെ ആധാർ, ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 
മാനന്തവാടി, കൊല്ലം, വാഗമൺ എന്നിവിടങ്ങളിൽ സപ്ലൈകോയുടെ പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കും. തിരുവനന്തപുരം ആൽത്തറയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന് അനുബന്ധമായി നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നതിന് സപ്ലൈകോ എക്സ് പ്രസ് മാർട്ട് ആരംഭിക്കും. നിലവിലുള്ള പെട്രോൾ പമ്പുകൾ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.