market

കോട്ടയം: വാഴപ്പിണ്ടി, ചേമ്പിൻ താൾ, ചേനതണ്ട്, തഴുതാമ, മുരിങ്ങയില... തൊടിയിലും പറമ്പിലും ഒരു കാലത്ത് സുലഭമായി ഇവയ്ക്ക് ഇന്ന് വിപണിയിൽ പൊന്നുവിലയാണ്. എവിടെയുണ്ടെന്ന് അറിഞ്ഞാലും ആവശ്യക്കാർ അവിടെ എത്തുന്ന സ്ഥിതിയാണ്. പുത്തൻ തലമുറയ്ക്ക് കേട്ടറിവ് മാത്രമുള്ള ഇവയ്ക്ക് സമീപകാലത്ത് ആവശ്യക്കാരേറിയെന്ന് വ്യാപാരികൾ പറയുന്നു. പച്ചക്കറി വിലയിലുണ്ടായ വർദ്ധനവും ആളുകൾ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നതും ഈ മാറ്റത്തിന് കാരണമായതായി പറയുന്നു.

പാമ്പാടിയിലെ കാർഷിക വിപണന കേന്ദ്രത്തിൽ ഉൾപ്പെടെ വാഴപ്പിണ്ടിക്കും ചേമ്പിൻ താളിനുമൊക്കെയായി നിരവധിയാളുകൾ എത്തുന്നുണ്ട്.അതേസമയം വില കുതിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികൾക്ക് ആവശ്യക്കാർ കുറയുകയും ചെയ്തു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് സംസ്ഥാനത്തേയ്ക്ക് ഏറ്റവുമധികം പച്ചക്കറികൾ എത്തുന്നത്.

കാലാവസ്ഥ വില്ലനായി

ജില്ലയിൽ വെള്ളരി, പടവലം, പാവൽ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ടെങ്കിലും വിളവ് നന്നേ കുറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ ഇവ പഴുത്തുപോയതും ഉത്പാദനത്തെ ബാധിച്ചു.

വില ഇങ്ങനെ


ചേമ്പിൻ താൾ: 25 രൂപ


ചേനതണ്ട് : 25 രൂപ


തഴുതാമ: 25 രൂപ


മുരിങ്ങയില: 25 രൂപ

ചേമ്പിൻതാൾ തോരൻ

ഏറെ സ്വാദുള്ള നാടന്‍ ഇലക്കറിയാണ് ചേമ്പിന്റെ ഇല, പ്രത്യേകിച്ചും തളിരില . സ്വാദു മാത്രമല്ല, ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഇത് അടുത്തകാലംവരെ വളപ്പില്‍ ലഭിയ്ക്കുന്നവര്‍ പോലും അവഗണിയ്ക്കുകയായിരുന്നു പതിവ്. ചേമ്പില കൊണ്ടു തോരന്‍ വച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ചേമ്പിന്റെ ഇളം ഇലകള്‍ തോരന്‍ വച്ചു കഴിയ്ക്കാന്‍ ഏറെ നല്ലതാണ്. നമ്മുടെ പറമ്പില്‍ തന്നെയുള്ളതു കൊണ്ട് കെമിക്കലുകളെ ഭയക്കുകയും വേണ്ട.

പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, ആസ്‌കോര്‍ബിക് ആസിഡ്, അയേണ്‍, റൈബോഫ്‌ളേവിന്‍, തയാമിന്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ സി, പൊട്ടാസ്യം, നിയാസിന്‍, മാംഗനീസ്, കോപ്പര്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്.

ചേമ്പിലയില്‍ കൊളസ്‌ട്രോള്‍ തീരെയില്ലെന്നതാണ് ഒരു ഗുണം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതു നല്ലതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുളളവര്‍ക്ക് ശീലമാക്കാവുന്ന ഒരു ഭക്ഷണമാണിത്. ഇതിലെ ഡയറ്റെറി ഫൈബറും മെഥിയോനൈന്‍ എന്ന വസ്തുവുമാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. ചേനത്തണ്ടിനും ഇതിന് സമാനമായ ഗുണങ്ങളാണ് ഏറക്കുറെ ഉള്ളത്.