airport

കൊച്ചി: രാജ്യാന്തര മാർക്കറ്റിൽ മുപ്പതുകോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതിമാർ കൊച്ചിയിൽ പിടിയിൽ. ടാൻസാനിയൻ സ്വദേശികളായ ദമ്പതികളെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഡിആർഐ സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് ഇരുവരും ഒമാനിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിയത്. തുടർന്ന് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത ഡിആർഐ സംഘം ആലുവ താലൂക്ക് ആശുപത്രിയിൽ നടത്തിയ വെെദ്യപരിശോധനയിലാണ് കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. യുവാവിന്റെ വയറ്റിൽ നിന്ന് ഏകദേശം രണ്ടുകിലോയോളം കൊക്കെയ്നാണ് കണ്ടെത്തിയത്. ഇത് പുറത്തെടുത്ത ശേഷം യുവാവിനെ കേസിൽ റിമാൻഡ് ചെയ്തു. യുവതിയുടെ ശരീരത്തിനുള്ളിലും സമാനമായ അളവിൽ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയിൽ തുടരുകയാണ്.

drug

ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്സ്യൂൾ രൂപത്തിലാക്കിയാണ് ദമ്പതിമാർ ലഹരിമരുന്ന് വിഴുങ്ങിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് കൊച്ചിയിൽ ഉള്ളവർക്ക് കെെമാറ്റം ചെയ്യാനായി കൊണ്ടുവന്നതാണെന്ന് കരുതുന്നു. സംഭവത്തിൽ വിപുലമായ അന്വേഷ​ണം ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞയാഴ്ച ചെന്നെെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30 കോടി രൂപ വിലവരുന്ന 3.3 കിലോ കൊക്കെയ്ൻ പിടികൂടിയിരുന്നു. സംഭവത്തിൽ ഇൻഡൊനീഷ്യൻ സ്വദേശി മുഹമ്മദ് യാസികയെ (40) അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ബാഗിനുള്ളിലെ രഹസ്യ അറകളിലാണ് കൊക്കെയ്ൻ പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.