d

അമരാവതി: പ്രതികാര രാഷ്ട്രീയം കത്തിനിൽക്കുന്ന ആന്ധ്രയിൽ വൈ.എസ്. ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ
ഉടമസ്ഥതയിലുള്ളതടക്കം നാല് വാർത്താ ചാനലുകളുടെ സംപ്രേഷണം നിറുത്തിവച്ചു. ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവി, ടിവി 9, എൻടിവി, 10 ടിവി എന്നിവയുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതൽ നിറുത്തിയത്.

സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നടപടി. രണ്ടാംതവണയാണ് ഈ ചാനലുകളുടെ സംപ്രേഷണം മുടങ്ങുന്നത്. എൻ.ഡി.എ സർക്കാരിനെതിരെ വാർത്തകൾ നൽകിയതിനാണ് നടപടിയെന്നാണ് ആരോപണം. വൈ.എസ്.ആർ കോൺഗ്രസ് നേതാവ് എസ്.നിരഞ്ജൻ റെഡ്ഡി ടെലികോം റെഗുലേറ്ററി അതോറിട്ടിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം വൈ.എസ്.ആർ കോൺഗ്രസിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടം പൊളിച്ചുനീക്കിയത് വിവാദമായിരുന്നു.