pic

വാഷിംഗ്ടൺ: വീണ്ടും പ്രസിഡന്റായാൽ യു.എസ് കോളേജുകളിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് സ്ഥിര താമസത്തിനും ജോലിക്കുമുള്ള ഗ്രീൻ കാർഡ് നൽകുമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ പ്രസിഡന്റ് ജോ ബൈഡനെ നേരിടാനുള്ള തയാറെടുപ്പിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപ്. ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്ക് വിരുദ്ധമായാണ് പുതിയ പ്രസ്താവന. യു.എസ് പൗരന്മാർക്ക് കമ്പനികൾ മുൻഗണന നൽകണമെന്നായിരുന്നു ട്രംപിന്റെ മുൻ നിലപാട്. എന്നാൽ, യു.എസിലെ ഹാർവഡ് പോലുള്ള മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചിറങ്ങുന്ന പ്രഗത്ഭരായ വിദേശ വിദ്യാർത്ഥികൾ അവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് വേദനാജനകമാണെന്ന് ട്രംപ് പറയുന്നു. അവർക്ക് യു.എസിൽ നിന്ന് കഴിവ് തെളിയിക്കാനുള്ള അവസരം നൽകും. കുടിയേറ്റത്തിന് മൃദുസമീപനം സ്വീകരിക്കുന്ന ബൈഡനെ ട്രംപ് നേരത്തെ കടന്നാക്രമിച്ചിരുന്നു.