snake

ധാക്ക: കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വംശനാശ ഭീഷണി നേരിട്ടിരുന്ന കൊടും വിഷമുള്ള പാമ്പുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ബംഗ്ലാദേശികള്‍. രാജ്യത്ത് കൃഷി വിളവെടുപ്പ് കാലം കൂടി ആയതോടെ ആളുകള്‍ക്ക് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വലിയരീതിയില്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആശുപത്രികളില്‍ ആന്റി വെനം ആവശ്യത്തിന് കരുതിവയ്ക്കാനുള്ള നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് മന്ത്രാലയവും നല്‍കിയിരിക്കുന്നത്.

2002 കാലഘട്ടത്തില്‍ വംശനാശ ഭീഷണി നേരിട്ടിരുന്ന അണലി ഇനത്തിലുള്ള പാമ്പുകളെക്കൊണ്ടാണ് ബംഗ്ലാദേശികള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മനുഷ്യവാസമുള്ള മേഖലകളില്‍ കൂടുതലായും കണ്ടുവരുന്ന അണലികളുടെ കടിയേല്‍ക്കുന്ന സംഭവം രാജ്യത്ത് വര്‍ദ്ധിച്ച് വരികയാണ്. പ്രതിവര്‍ഷം 7000 പേരെങ്കിലും രാജ്യത്ത് പാമ്പ്കടിയേറ്റ് മരണത്തിന് കീഴടങ്ങുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷം (2023) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2002ല്‍ അണലി പാമ്പുകളെ ബംഗ്ലാദേശില്‍ വംശനാശം വന്നതായി വിലയിരുത്തിയിരുന്നു. എന്നാല്‍ അടുത്തിടെ ബംഗ്ലാദേശിലെ വിവിധ ഇടങ്ങളില്‍ അണലികളെ കണ്ടെത്തിയിരുന്നു. സാധാരണ ഗതിയില്‍ വരണ്ട പ്രദേശങ്ങളില്‍ കണ്ടിരുന്ന ഇവ ഏത് കാലാവസ്ഥയോടും പൊരുത്തപ്പെട്ട് വരുന്നതായാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ചതുപ്പ് നിലങ്ങളിലും ചെളി നിറഞ്ഞ പ്രദേശങ്ങളിലും തീരെ കാണാറില്ലാതിരുന്ന ഇവയെ നിലവില്‍ ബംഗ്ലാദേശിലെ 25 ജില്ലകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. രക്ത പര്യയന വ്യവസ്ഥയേയാണ് അണലിയുടെ വിഷം ബാധിക്കുന്നത്.

പാമ്പുകളില്‍ ഏറ്റവും അപകടകാരികളാണ് അണലികളെന്നാണ് പറയപ്പെടുന്നത്. വളരെ വേഗത്തില്‍ ദിശമാറി എതിരാളിയെ കൊത്താനുള്ള ഇവയുടെ കഴിവ് ഭയപ്പെടുത്തുന്നതാണ്. അണലിയുടെ വേഗതയും അപകടം വര്‍ദ്ധിപ്പിക്കുന്നു. അണലി പാമ്പ് കടിച്ച് വിഷം ഉള്ളില്‍ ചെന്നാല്‍ അത് കടിയേറ്റ ആളുടെ മരണം സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലുമാണ്.