body

ഫരീദാബാദ്: പത്ത് മാസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തി. ഹരിയാനയിലാണ് സംഭവം. മകളെ കാണാനില്ലെന്ന് കാട്ടി ജൂൺ ഏഴിന് സൗദിയിൽ താമസിക്കുന്ന പിതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മയാണ് കുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ അടക്കം ചെയ്‌തതെന്നും പൊലീസ് പറഞ്ഞു. മകളെ താൻ കൊന്നതല്ലെന്നും അവൾ ആത്മഹത്യ ചെയ്‌തെന്നുമാണ് മാതാവ് അനിത ബീഗം പൊലീസിനോട് പറഞ്ഞത്. മരിച്ച 17കാരി പ്രവീണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

'മകൾ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അവർ ഒളിച്ചോടാൻ ശ്രമിച്ചപ്പോൾ തടയുന്നതിനായി മകളെ മുറിയിൽ പൂട്ടിയിട്ടു. അന്ന് രാത്രി തന്നെ അവൾ സ്വന്തം മുറിക്കുള്ളിൽ ജീവനൊടുക്കി. ഇത് പുറത്തറിയുമ്പോൾ ഉണ്ടാകുന്ന അപമാനം ഒഴിവാക്കാനാണ് മൃതദേഹം വീടിനുള്ളിൽ തന്നെ മറവ് ചെയ്‌തത്. അത് എന്റെ തെറ്റാണ്. ഞാൻ കുറ്റം സമ്മതിക്കുന്നു ', അനിതാ ബീഗം പൊലീസിനോട് പറഞ്ഞു.

രണ്ടുപേരുടെ സഹായത്തോടെയാണ് അനിതാ ബീഗം മൃതദേഹം മറവ് ചെയ്‌തത്. എന്നാൽ, ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. പ്രവീണയുടെ മരണകാരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറ‌ഞ്ഞു. അതേസമയം, മകളെ കാണാതായത് സംബന്ധിച്ച് പിതാവ് പരാതി നൽകാൻ കാലതാമസമെടുത്തത് എന്തുകൊണ്ടാണെന്നും പൊലീസ് അന്വേഷിക്കും.