
ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മെഹ്‌താബ് 11 മണിയോടെ സഭയിലെത്തി നടപടികളാരംഭിച്ചു. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാർ ലോക്‌സഭിയിലെത്തിയത്. എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ് നാഥ് സിംഗും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോൾ ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
പ്രോടെം സ്‌പീക്കറെ സഹായിക്കുന്നവരുടെ പാനൽ വായിച്ചപ്പോഴും പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനന്റെ സത്യപ്രതിജ്ഞയ്‌ക്കിടെ 'നീറ്റ്, നീറ്റ്' എന്ന് വിളിച്ച് പ്രതിപക്ഷം ബഹളം ഉണ്ടാക്കി. വയനാട് മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോടെം സ്പീക്കർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വെെകിട്ട് നാലിനായിരിക്കും ആരംഭിക്കുക. ആദ്യ സമ്മേളനത്തിൽ ഇന്നും നാളെയും എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.
18-ാം ലോക്‌സഭ ആദ്യ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നു. എല്ലാവരെയും ഒരുമിച്ചു ചേർത്ത് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് സാധാരണക്കാരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞ എടുത്തിരിക്കുന്നതായും മോദി കൂട്ടിച്ചേർത്തു. ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിച്ച് കൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തെയും മോദി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ ജനാധിപത്യത്തിനുമേൽ വീണ കളങ്കമായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. ജൂൺ 25ന് ജനാധിപത്യത്തിന് മുകളിൽ വീണ കളങ്കത്തിന് 50 വർഷം തികയുകയാണ്. ഇന്ത്യൻ ഭരണഘടന പൂർണമായും നിരസിക്കപ്പെട്ടതും ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതുമായ ആ കാലം പുതുതലമുറ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.