rahul-gandhi

ന്യൂഡൽഹി: ആലപ്പുഴ എം പി കെ സി വേണുഗോപാലിന് കാർ സമ്മാനമായി നൽകി രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ വേണുഗോപാലിന് താൻ നേരത്തെ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുൽ ഗാന്ധി നൽകിയത്.

നേരത്തെ ടൊയോട്ടയുടെ എത്തിയോസ് കാറാണ് കെ സി വേണുഗോപാൽ ഉപയോഗിച്ചിരുന്നത്. പാർട്ടി ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ താൻ ഈ കാറ് ഉപയോഗിക്കുകയുള്ളൂവെന്ന് കെ സി വേണുഗോപാൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഇത് എ ഐ സി സി തന്ന കാറാണ്. രാഹുൽ ഗാന്ധിയുടെ കാർ ഞങ്ങൾ മാറ്റി. രാഹുൽ ഉപയോഗിച്ച കാർ എ ഐ സി സിക്ക് വിട്ടുതന്നു. അത് ഞാൻ പാർട്ടിയുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. പാർട്ടിയുടെ കാറാണ്.'- കെ സി വേണുഗോപാൽ പറഞ്ഞു.

ഉറ്റ സുഹൃത്തുകൂടിയായ രാഹുൽ നൽകിയ കാറിലാണ് കെ സി വേണുഗോപാൽ ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റിലെത്തിയത്. അദ്ദേഹം ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. പതിനൊന്ന് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. രണ്ടാമതായി രാജ് നാഥ് സിംഗും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.