
പാചകത്തിനാവശ്യമായ മുളകുപൊടി വീടുകളിൽ തന്നെ തയ്യാറാക്കുന്നതായിരുന്നു പതിവ്. ഇപ്പോൾ മിക്കയാളുകളും പാക്കറ്റിൽ വിൽപ്പനയ്ക്കുവച്ചിരിക്കുന്ന പലതരം ബ്രാൻഡുകളിലുളള മുളകുപൊടിയാണ് ഉപയോഗിക്കുന്നത്. വറ്റൽമുളക് കഴുകി പൊടിച്ചെടുക്കുന്നത് ബുദ്ധിമുട്ടുളളതുകൊണ്ടാണ് പലരും ഇത്തരത്തിൽ ചെയ്യുന്നത്. പ്രത്യേകിച്ച് മഴക്കാലം കൂടിയായാൽ വറ്റൽമുളക് നന്നായി ഉണക്കിയെടുക്കാൻ പോലും കഴിയാത്ത അവസ്ഥയായിരിക്കും. സൂര്യപ്രകാശമില്ലാതെയും കഴുകിയ വറ്റൽമുളക് ഉണക്കിയെടുക്കാൻ ഒരു എളുപ്പവഴിയുണ്ട്.
തണ്ടുളള വറ്റൽമുളക് കഴുകി ഉണക്കിപ്പൊടിച്ചാൽ പൂപ്പലുണ്ടാകാനുളള സാദ്ധ്യത കൂടുതലാണ്. അതിനാൽത്തന്നെ കടകളിൽ നിന്നും തണ്ടില്ലാത്ത വറ്റൽമുളക് വാങ്ങാൻ ശ്രമിക്കുക. മുളക് കഴുകിയെടുക്കണം. അധികം നേരം വെളളത്തിലിട്ടുവയ്ക്കാതെ പെട്ടന്നുത്തന്നെ കഴുകിയെടുക്കാൻ ശ്രദ്ധിക്കുക. നന്നായി കുതിർന്നുപോയാൽ ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. കഴുകിയ മുളകിനെ ഒരു വലിയ ടൗവലിൽ നിരത്തിയിടുക. ശേഷം ടൗവലിന്റെ നാല് വശവും ചേർത്ത് ഒരു കിഴി പോലെ കെട്ടുക. കുറച്ചുസമയം മുളകിനെ കിഴിയിൽ തന്നെ വയ്ക്കുക.
നല്ല വലിപ്പമുളള കുക്കറിന്റെ അകത്ത് മറ്റൊരു പാത്രം വച്ച് അതിലേക്ക് വൃത്തിയാക്കിവച്ചിരിക്കുന്ന മുളകിടുക. ശേഷം കുക്കർ അടച്ചുവച്ച് ചെറിയ തീയിൽ ചൂടാക്കുക. വിസിൽ വരുന്നതിനു മുൻപ് തീയണയ്ക്കുക. ചൂട് മാറിയിട്ട് ടൗവലിൽ ഒന്നുകൂടി മുളക് പരത്തിയിടുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കഴുകിയെടുത്ത വറ്റൽമുളകിൽ ഒരു തുളളി വെളളത്തിന്റെ അംശം പോലും ഉണ്ടാകില്ല.
ഒട്ടും പൂപ്പൽ വരാതിരിക്കാൻ
വറ്റൽ മുളകിലേക്ക് കുറച്ച് കറിവേപ്പിലയും കുരുമുളകും ചേർത്ത് വറുത്തെടുക്കുകയാണെങ്കിൽ പൂപ്പൽ വരാതെ കാലങ്ങളോളം കുപ്പിയിൽ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.