
കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സ്‌റ്റാർട്ടപ്പായ ബൈജൂസിലെ നിക്ഷേപം പൂർണമായും എഴുതി തള്ളി ഡെച്ച് നിക്ഷേപ സ്ഥാപനമായ പ്രൊസൂസ്. ബൈജൂസിന്റെ 9.6 ശതമാനം ഓഹരികളാണ് പ്രൊസൂസിനുള്ളത്. മാനേജ്മെന്റ് തലത്തിലെ പാളിച്ചകൾ മൂലം ബൈജൂസ് കടുത്ത പ്രതിസന്ധിയിലായതോടെ പ്രധാന നിക്ഷേപകരെല്ലാം വൻ നഷ്ടമാണ് നേരിട്ടത്. പല ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് ഡോളർ കമ്പനിയിൽ മുടക്കിയ അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ നിക്ഷേപ സ്ഥാപനങ്ങൾ പലതും മുടക്കിയ പണം ഉപേക്ഷിച്ച് ബൈജൂസിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ പ്രൊസൂസ് അൻപത് കോടി ഡോളറാണ് ബൈജൂസിൽ നിക്ഷേപിച്ചത്. സ്വിഗി, മീഷോ, എറുഡിറ്റസ് തുടങ്ങിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും പ്രൊസൂസ് നിക്ഷേപം നടത്തിയിട്ടുണ്ട്.