business

ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്ത്യയുടെ കറന്റ് അക്കൗണ്ടില്‍ 570 കോടി ഡോളറിന്റെ മിച്ചം

കൊച്ചി: ജനുവരി മുതല്‍ മാര്‍ച്ച് വരെ സേവനങ്ങളുടെ കയറ്റുമതിയുടെ മികവില്‍ 570 കോടി ഡോളര്‍ കറന്റ് അക്കൗണ്ട് മിച്ചം നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. മുന്‍വര്‍ഷം ഇതേകാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി 130 കോടി ഡോളറിറായിരുന്നു. വിദേശ ഇന്ത്യയ്ക്കാരുടെ പണമൊഴുക്കും കറന്റ് അക്കൗണ്ടില്‍ മിച്ചം നേടാന്‍ സഹായിച്ചു.

വിദേശ വ്യാപാരത്തില്‍ ചെലവ് കുറഞ്ഞ് വരവ് കൂടിയതോടെയാണ് മൊത്തം കറന്റ് അക്കൗണ്ടില്‍ 0.6 ശതമാനം മെച്ചം നേടാനായയെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി 870 കോടി ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കറന്റ് അക്കൗണ്ട് കമ്മി ഇതോടെ 2320 കോടി ഡോളറായി താഴ്ന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖല മികവിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

റിസര്‍വ് ബാങ്ക് വിദേശത്തെ സ്വര്‍ണ ശേഖരം കുറയ്ക്കുന്നു

കൊച്ചി: റിസര്‍വ് ബാങ്ക് വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണത്തിന്റെ അളവ് ആറ് വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. മൊത്തം സ്വര്‍ണ ശേഖരത്തിന്റെ 47 ശതമാനം മാത്രമാണ് നിലവില്‍ വിദേശത്തുള്ളത്. അതേസമയം റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര സ്വര്‍ണ ശേഖരം കുത്തനെ കൂടുകയാണ്.

റഷ്യയും ഉക്രെയിനുമായുള്ള യുദ്ധം ആരംഭിച്ച 2022ന് ശേഷമാണ് റിസര്‍വ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ തുടങ്ങിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ വിദേശ നാണയ ശേഖരം അമേരിക്ക മരവിപ്പിച്ചതോടെ വിദേശത്ത് സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികള്‍ സൂക്ഷിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ മടിക്കുകയാണ്.

കഴിഞ്ഞ മാസം യു.കെയില്‍ നിന്ന് നൂറ് ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. മാര്‍ച്ച് 31വരെയുള്ള കണക്കുകള്‍ അനുസരിച്ച് റിസര്‍വ് ബാങ്കിന്റെ കൈവശം 822.1 ടണ്‍ സ്വര്‍ണമാണുള്ളത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സൂക്ഷിക്കുന്ന സ്വര്‍ണ ശേഖരത്തിന്റെ അളവ് 39 ശതമാനത്തില്‍ നിന്ന് 53 ശതമാനമായാണ് ഉയര്‍ന്നത്.