s

കോഴിക്കോട്: റേഷൻ മുൻഗണന പട്ടികയിൽ അനധികൃതമെന്ന് കണ്ടെത്തിയ 21051കാർഡുടമകൾക്ക് 42,55263 ലക്ഷം പിഴ. 2021 ജൂൺ മുതൽ ഇതുവരെ ജില്ലയിലെ വിവിധ താലൂക്കുകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജൻമാർ കുടുങ്ങിയത്.

ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. സ്‌പെഷ്യൽ പരിശോധനയിൽ കണ്ടെത്തിയവർ, മാസങ്ങളായി റേഷൻ വാങ്ങാത്തവർ, ജനങ്ങളുടെ പരാതിയിൽ കണ്ടെത്തിയവർ തുടങ്ങിയവരാണ് പിഴ അടയ്ക്കേണ്ടി വന്നത്. ഇവരിൽ നിന്ന് അതുവരെ വാങ്ങിയ റേഷൻ ഉത്പന്നങ്ങളുടെ പൊതുവിപണി വിലയാണ് ഈടാക്കുന്നത്. ഇതിനായി താലൂക്ക് സപ്‌ളൈ ഓഫീസർ, റേഷനിംഗ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഫീൽഡ്തല പരിശോധന പുരോഗമിക്കുകയാണ്. കോഴിക്കോട് നോർത്തിൽ മാത്രം 274083 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്.

മാറ്റിയ കാർഡുകൾ

വെള്ള- 10853

നീല-10198

ആകെ- 21051

അർഹരല്ല ഇവർ
# സർക്കാർ അർദ്ധസർക്കാർ,പൊതുമേഖലാ സ്ഥാപന ജീവനക്കാർ

#പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് മുകളിലുളള വിദേശത്തു ജോലിചെയ്യുന്നവർ

# സ്വന്തമായി ഒരേക്കറിന് മുകളിൽ ഭൂമിയുളളവർ

# സ്വന്തമായി 1000 ചതുരശ്ര അടി വിസ്തീർണമുളള വീടോ ഫ്ളാറ്റോ ഉളളവർ

# നാലുചക്രവാഹനം ഉള്ളവർ

മൂന്ന് മാസം റേഷൻ വാങ്ങിയില്ല 1975 പേർ ഔട്ട്

മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരെ മുൻഗണന പട്ടികയിൽ നിന്ന് പുറത്താക്കുന്ന നടപടികളും ജില്ലയിൽ പുരോഗമിക്കുകയാണ്. പിഎച്ച്എച്ച്( പിങ്ക്), എ.എ.വൈ(മഞ്ഞ), എൻ.പി.എസ് ( നീല) എന്നിങ്ങനെ ഇതുവരെ പുറത്തായത് 1975 കാർഡുകളാണ്. തുടർച്ചയായി മൂന്ന് മാസമോ അതിലധികമോ റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഇവരെ മുൻഗണനേതര (നോൺ സബ്സിഡി ) വിഭാഗത്തിലേക്ക് മാറ്റിയത്. അതേ സമയം റേഷൻ വാങ്ങാത്തതിന്റെ മതിയായ രേഖകൾ കാണിച്ചാൽ മുൻഗണന വിഭാഗത്തിൽ തുടരാം.

''പലതവണ അറിയിച്ചിട്ടും റേഷൻ കാർഡ് മാറാതെ അവഗണിച്ച അനർഹരെ കണ്ടെത്താനുളള പരിശോധന ജില്ലയിൽ ശക്തമാണ് ''- കെ.കെ .മനോജ് കുമാർ, ജില്ലാ സപ്ലെ ഓഫീസർ