kochi-metro

കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട മെട്രോ നിര്‍മ്മാണത്തിന് ഇനി വേഗം കൂടും. വന്‍കിട നിര്‍മ്മാണ രംഗത്തെ പ്രശസ്തര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിനു കരാര്‍ ലഭിച്ചതോടെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രാരംഭ ജോലികള്‍ക്കൊപ്പം രണ്ടാംഘട്ട നിര്‍മ്മാണവും നടക്കും. ഇതിന്റെ ആദ്യഘട്ടമെന്നോണം ടെസ്റ്റ് പൈലിംഗ് ജോലികള്‍ അടുത്ത ആഴ്ച തന്നെ നടക്കുമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.

വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തന രംഗത്ത് പേരുകേട്ട ഷപൂര്‍ പല്ലോന്‍ജി ഗ്രൂപ്പിന്റെ ഭാഗമായുള്ള അഫ്കോണ്‍സിനായിരുന്നു വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റെയില്‍വേ പാലം നിര്‍മ്മാണത്തിന്റെ കരാറും. പാലം നിര്‍മ്മാണത്തിന്റെ ചുമതലയുണ്ടായിരുന്ന റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍)ആണ് പാലം നിര്‍മ്മാണം ഇവരെ ഏല്‍പിച്ചത്. പാലം നിര്‍മ്മാണത്തിനായി കായലിനു കുറുകെ കോണ്‍ക്രീറ്റ് ഇരുമ്പ് അവശിഷ്ടങ്ങളും മറ്റുമിട്ട് അഫ്കോണ്‍സ് കെട്ടിയ വടുതല ഭാഗത്തെ 50 കിലോമീറ്റര്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ബണ്ട് പൊളിക്കണമെന്ന് കോടതിയും സര്‍ക്കാരും പറഞ്ഞെങ്കിലും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍.വി.എന്‍.എല്ലില്‍ നിന്ന് കൈപ്പറ്റിയെന്നും ബണ്ട് നീക്കേണ്ട ചുമതല തങ്ങള്‍ക്കില്ലെന്നും അഫ്കോണ്‍സ് നിലപാടെടുത്തു. വിഷയം നിലവില്‍ ഹൈക്കോടതിയിലാണ്.

അഫ്കോണ്‍സ് അറിയാന്‍

ഇടറോഡുകള്‍ വീതികൂട്ടലും ടാറിംഗും ആയിരുന്നു ആദ്യഘട്ട നിര്‍മ്മാണത്തിന്റെ പ്രാരംഭ ജോലികള്‍. ഇത്തവണ അത് ചെയ്തിട്ടില്ല
പാലാരിവട്ടം- കാക്കനാട് റോഡിന് വീതി കുറവാണ്. ഇടറോഡുകളിലേക്ക് വാഹനങ്ങള്‍ കയറുന്നതും ഇറങ്ങുന്നതും വെല്ലുവിളിയാണ്. വലിയ ഗതാഗതക്കുരുക്കാണിപ്പോള്‍.
ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ജനം വീര്‍പ്പുമുട്ടും.
നിര്‍മ്മാണ കരാര്‍ സ്വന്തമാക്കിയ തുക - 1141.32 കോടി രൂപ

നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട സമയം - 600 ദിവസങ്ങള്‍

നിര്‍മ്മിക്കേണ്ടത് - 11.2 കി.മീ നീളമുള്ള ആകാശപാതയും സ്റ്റേഷനുകളും

രണ്ടാം ഘട്ടം- 11 സ്റ്റേഷനുകള്‍

പാലാരിവട്ടം ജംഗ്ഷന്‍

പാലാരിവട്ടം,

ചെമ്പുമുക്ക്

വാഴക്കാല

പടമുകള്‍

കാക്കനാട് ജംഗ്ഷന്‍

കൊച്ചിന്‍ സെസ്

ചിറ്റേത്തുകര

കിന്‍ഫ്രാ പാര്‍ക്ക്

ഇന്‍ഫോപാര്‍ക്ക്

സ്മാര്‍ട്ട് സിറ്റി

ഫണ്ട്- ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ വെസ്റ്റ്മെന്റ് ബാങ്കിന്റെ വായ്പ-1957 കോടി
വിവിധ സ്റ്റേഷനുകളിലെ പ്രവേശന കെട്ടിടങ്ങളുടെ കരാര്‍ പ്രത്യേകം നല്‍കും.
പൂര്‍ണതോതില്‍ നിര്‍മ്മാണം ഒക്ടോബറോടെയെന്ന് പ്രതീക്ഷ