
പ്യഥ്വിരാജ് ചിത്രം 'കങ്കാരു'വിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഓവിയ. മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരം ഇപ്പോൾ തമിഴ് സിനിമയിലാണ് സജീവം. വിമൽ നായകനായെത്തിയ 'കളവാണി'യാണ് ഓവിയയുടെ ആദ്യ തമിഴ് ചിത്രം. കമലഹാസൻ അവതാരകനായെത്തിയ ടെലിവിഷൻ പരിപാടിയായ ബിഗ്ബോസിന്റെ ഒന്നാം സീസണിൽ മത്സരാർത്ഥിയായും താരം എത്തിയിരുന്നു. ഇത് ഓവിയക്ക് കൂടുതൽ പ്രശസ്തി നേടികൊടുത്തു. ഷോയിൽ പങ്കെടുത്തതോടെ ഓവിയയെ തേടിയെത്തിയത് വലിയ വിവാദങ്ങളായിരുന്നു.
ബിഗ് ബോസിലെ സഹമത്സരാർത്ഥിയും നടനുമായ ആരവിനോട് ഇഷ്ടം തോന്നിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. പരിപാടിക്കിടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. എന്നാൽ ആരവ് ഈ ബന്ധം തുടരാൻ താൽപര്യം കാണിക്കാതെ വന്നതോടെ ഓവിയ പ്രശ്‌നമുണ്ടാക്കി. മാത്രമല്ല ബിഗ്ബോസിനുളളിൽ വച്ചുതന്നെ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ സമയത്തെല്ലാം ആരാധകരിൽ നിന്ന് മികച്ച പിന്തുണയാണ് ഓവിയയ്ക്ക് ലഭിച്ചതെങ്കിലും ഷോയിൽ തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ് നടി പുറത്തേക്ക് പോകുകയായിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് ഓവിയ റിലേഷൻഷിപ്പുകളെ പറ്റി തുറന്നുപറഞ്ഞത്. പ്രണയത്തിലായിട്ട് പലരും ചതിച്ചിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. 'മുൻപ് താൻ പല ബന്ധങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊന്നും ശരിയായി വന്നില്ല. മറ്റുചിലർ പണത്തിന്റെ കാര്യത്തിലും ചതിച്ചിട്ടുണ്ട്. ലിവിംഗ് ടുഗദറിൽ എനിക്കിപ്പോൾ വിശ്വാസമില്ല. എല്ലാം ഓരോരുത്തരുടെ വിശ്വാസമല്ലേ. എതിലാണോ സംതൃപ്തിയുളളത് അതാണ് ചെയ്യേണ്ടത്. വ്യക്തിപരമായ ഒരു കാര്യത്തിനും നമ്മൾ ആരെയും ശല്യം ചെയ്യാൻ പോകരുത്'- ഓവിയ പറഞ്ഞു.