education

സ്‌കൂൾ കാലം മുതൽ തന്നെ പല കുട്ടികളുടെയും സ്വപ്‌നമാണ് ഡോക്‌ടർ ആവുക എന്നത്. എന്നാൽ, മെരിറ്റ് സീറ്റിൽ അഡ്‌മിഷൻ ലഭിച്ചില്ലെങ്കിൽ വൻ തുക ഫീസ് നൽകണം എന്നതിനാൽ ഈ സ്വപ്‌നം പലരും പാതി വഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ, ഫ്രീയായി മെഡിക്കൽ പഠനം വാഗ്ദാനം ചെയ്യുന്ന ചില കോളേജുകളുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീ കൊടുക്കേണ്ട ആവശ്യമില്ല. ഈ കോളേജുകളെപ്പറ്റിയും ഫീ വാങ്ങാത്തതിന്റെ കാരണവും അറിയാം.

ന്യൂയോർക്ക് ബ്രോണക്‌സിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഒഫ് മെഡിസിനിലാണ് ഫീസ് ഈടാക്കാതെ മെഡിക്കൽ പഠനം പൂർത്തിയാക്കാൻ സാധിക്കുക. കോളേജിലെ മുൻ പ്രൊഫസർ ഒരു ബില്യൺ ഡോളർ സംഭാവന ചെയ്‌തതിനാലാണിത്. ഇത്രയും വലിയ തുക സംഭാവന ലഭിച്ചതോടെ കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കേണ്ട എന്ന് കോളേജ് അധികൃതർ തീരുമാനിച്ചു. ഇതിന് പിന്നാലെ ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീകളിലൊരാളായ ജൂലിയ കോച്ചും വെസ്റ്റ് പാം ബീച്ചിലെ ഒരു മെഡിക്കൽ സെന്ററിന് 75 മില്യൺ ഡോളർ സംഭാവന നൽകി. ഇവിടെയും ഫീസ് ഈടാക്കാതെ വിദ്യാർത്ഥികൾക്ക് പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.

റൂത്ത് കോട്ട്‌സ്‌മാൻ എന്ന് 93കാരി, ആൽബർട്ട് ഐൻസ്റ്റീൻ കോളേജിന് വൻ തുക സംഭാവന ചെയ്‌തിട്ടുണ്ട്. ഇവരുടെ ഭർത്താവ് ഡേവിഡ് ഗോട്ട്‌സ്‌മാൻ ബഹുരാഷ്‌ട്ര കമ്പനിയായ ബെർക്ക്‌ഷൈർ ഹാത്വെയിൽ നിക്ഷേപം നടത്തിയിരുന്നു. ഈ തുക തനിക്ക് ഇഷ്‌ടമുള്ള കാര്യം ചെയ്യാൻ ഉപയോഗിച്ചുകൊള്ളാൻ മരിക്കുന്നതിന് മുമ്പ് ഡേവിഡ് റൂത്തിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് അവർ ഈ കോളേജിന് സംഭാവന നൽകിയത്.

ഓരോ വർഷവും 59,000 ഡോളര്‍ (ഏകദേശം 4,890,509 രൂപ) ട്യൂഷൻ ഫീസ് ഇനത്തിൽ ചെലവുണ്ട്. പഠിച്ചിറങ്ങുമ്പോൾ വലിയ ബാദ്ധ്യതയാണ് വിദ്യാർത്ഥികൾക്കുണ്ടാകുന്നത്. അതിനാൽ, ഇവർക്ക് സഹായകമാകാൻ വേണ്ടിയാണ് സംഭാവന നൽകിയതെന്നാണ് റൂത്ത് കോട്ട്‌സ്‌മാൻ പറഞ്ഞത്.