
ആചാരങ്ങൾകൊണ്ട് എപ്പോഴും വേറിട്ടുനിൽക്കുന്നവരാണ് ആഫ്രിക്കൻ ഗോത്രവിഭാഗങ്ങൾ. ഇവർക്കിടയിൽ അനുഷ്ഠിച്ചുവരുന്ന പല ആചാരങ്ങളും മിക്കവരും കൗതുകത്തോടെയും അതിശയത്തോടെയുമാണ് നോക്കിക്കാണുന്നത്. ആഫ്രിക്കയിലെ ഫുലാനി ഗോത്ര വിഭാഗത്തിന്റെ ചില ആചാരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ വിഭാഗത്തിലെ അവിവാഹിതരായ പുരുഷൻമാർ ചില ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്.
വർഷത്തിൽ രണ്ടുതവണ ഫുലാനികൾക്കിടയിൽ ഒരു ഉത്സവം നടക്കാറുണ്ട്. 'ഷാരോ' എന്നാണ് ഇതറിയപ്പെടുന്നത്. ഈ പദത്തിനർത്ഥം ചാട്ടവാറടിയെന്നാണ്. പൗരുഷവും കഴിവും തെളിയിക്കാൻ അവസരമൊരുക്കുന്ന ഒരു ആഘോഷമാണിത്. ഗിനിയ ധാന്യം വിളവെടുക്കുന്ന സമയത്തും മതപരമായ ആഘോഷമായ ഈദ് എൽ കബീർ നടക്കുന്ന സമയത്താണ് ഫുലാനികൾ ഷാരോ ആഘോഷിക്കുന്നത്.
ഏഴ് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്. മാർക്കറ്റ് പോലുളള പൊതുയിടങ്ങളിലാണ് ഉത്സവം സംഘടിപ്പിക്കുന്നത്. പലവിധത്തിലുളള പരിപാടികളും ഈ ഉത്സവത്തിൽ ഫുലാനികൾ അവതരിപ്പിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പുരുഷൻമാരുടെ കഴിവ് തെളിയിക്കുന്ന ആഘോഷം. സുന്ദരിയായ പെൺകുട്ടികൾക്ക് മുൻപിൽ പുരുഷൻമാർ അവരുടെ നഗ്നമായ നെഞ്ച് പ്രദർശിപ്പിക്കണം.ശേഷം പെൺകുട്ടികളുടെ മുൻപിൽ വച്ചുതന്നെ കുറച്ചാളുകൾ പുരുഷൻമാർക്ക് ചാട്ടവാറടി കൊടുക്കും. ഇതേസമയം, അടിയേറ്റുവാങ്ങുന്നവരുടെ മാതാപിതാക്കൾ മക്കൾക്ക് കൂടുതൽ ശക്തി കൊടുക്കാനായി മന്ത്രങ്ങൾ ഉരുവിടും.
പുരുഷൻമാർക്ക് കരയാതെ എത്ര അടി വാങ്ങാൻ കഴിവുണ്ടെന്നാണ് ഗോത്രതലവൻ പരീക്ഷിക്കുന്നത്. അതിനാൽത്തന്നെ ചാട്ടവാറടി കിട്ടുമ്പോൾ ഇവർ ചിരിച്ചുകൊണ്ട് നൃത്തം വയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ചെയ്താൽ മാത്രമേ ഫുലാനി സ്ത്രീകൾക്ക് പുരുഷൻമാരോട് ആകർഷണം തോന്നുകയുളളൂ.