ഇരിങ്ങാലക്കുട : കെ.പി.എം.എസ് കണ്ണൻകുഴി ശാഖാ സെക്രട്ടറിയും കണ്ണൻകുഴി ജലനിധിയുടെ പമ്പ് ഓപ്പറേറ്ററുമായിരുന്ന ടി.സി. പ്രദീപ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അതിരപ്പിള്ളി വില്ലേജ് കണ്ണൻകുഴി ദേശത്ത് ഏറാൻവീട്ടിൽ വാസു മകൻ ജിനീഷ് എന്ന ഗിരീഷ് എന്ന കീരിക്കാടൻ (36)നെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഐ.പി.സി 302 പ്രകാരം ജീവപര്യന്തം തടവിനും 1,00,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു.
പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷം അധിക തടവും ഐ.പി.സി 506 പ്രകാരം 7 വർഷം കഠിന തടവും 50,000 രൂപ പിഴ ഈടാക്കാനും പിഴയിൽ നിന്ന് 1,00,000 രൂപ കൊലപ്പെട്ട പ്രദീപിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ശിക്ഷ വിധിച്ചു. 2020 ഫെബ്രുവരി 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 48 സാക്ഷികളെ വിസ്തരിക്കുകയും 65 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്, അഡ്വക്കറ്റുമാരായ പി.എ. ജെയിംസ്, അൽജോ പി. ആന്റണി. എബിൻ ഗോപുരൻ, ടി.ജി. സൗമ്യ എന്നിവർ ഹാജരായി.