
ലോകത്ത് വിവിധ ഇടങ്ങളിലെ ജനങ്ങൾ സിനിമകളും സീരീസുകളും മറ്റും കാണാൻ ഉപയോഗിക്കുന്ന സ്ട്രീമിംഗ് ആപ്പുകളിലൊന്നാണ് നെറ്റ്‌ഫ്‌ളിക്‌സ്. കൊവിഡ് സമയത്ത് അടച്ചിടപ്പെട്ട അവസ്ഥയിൽ മാനസികസംഘർഷ ലഘൂകരണത്തിനായി നിരവധിപ്പേർ നെറ്റ്‌ഫ്‌ളിക്‌സിനെ തിരഞ്ഞെടുത്തതോടെ ആഗോളതലത്തിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ കുതിച്ചുചാട്ടം തന്നെ കമ്പനി രേഖപ്പെടുത്തിയിരുന്നു. കൊവിഡിന് ശേഷം തിയേറ്ററുകൾ വീണ്ടും ദീർഘകാലം അടഞ്ഞുകിടന്ന സാഹചര്യത്തിലും പല സിനിമകൾക്കും പുതുജീവൻ നൽകാനും നെറ്റ്ഫ്ളിക്സ് അടക്കമുള്ള ഒടിടി പ്ളാറ്റ്ഫോമുകൾക്ക് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ നെറ്റ്ഫ്ളിക്സ് വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലാണെന്നാണ് റിപ്പോർട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളിൽ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നാണ് വിവരം.
മുൻപ് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നെറ്റ്ഫ്‌ളിക്സ് സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് പിൻവലിച്ചു. കൂടുതൽ വലിയ വിപണികളിൽ സൗജന്യ സേവനങ്ങൾ അവതരിപ്പിക്കാനാണ് ഈ പദ്ധതി. സൗജന്യ പദ്ധതിയെ കുറിച്ച് ഇതുവരെ നെറ്റ്ഫ്‌ളിക്‌സ് ഔദ്യാേഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ സേവനം ലഭിക്കുമെന്നാണ് കരുതുന്നത്.
സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾക്ക് പണം ചെലവാക്കാൻ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതൽ പേരെ ആകർഷിക്കാനാകുമെന്നാണ് നെറ്റ്‌ഫ്ളിക്സിന്റെ കണക്കുകൂട്ടൽ. ഇതുകൂടാതെ പരസ്യ വിതരണ രംഗത്തും കൂടുതൽ പരീക്ഷണങ്ങൾക്ക് നെറ്റ്ഫ്ളിക്സ് ഒരുങ്ങിയേക്കും.