swami-madhavanandha

ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യ പ്രധാനിയായിരുന്ന മാധവാനന്ദ സ്വാമിയുടെ 36-ാം സമാധി വാർഷികമാണ് ഇന്ന്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഖജാൻജി, പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ആറു പതിറ്റാണ്ടിലേറെക്കാലം സ്വാമി സേവനമനുഷ്ഠിച്ചിരുന്നു. 1906 മേയ് മാസത്തിലെ പൂരുരുട്ടാതി നക്ഷത്രത്തിൽ കോട്ടയം മാന്നാനത്ത് പുരാതന കുടുംബമായ കുന്നത്തുപറമ്പിൽ തറവാട്ടിലാണ് സ്വാമി ജനിച്ചത്. അയ്യൻ- കൊച്ചുപെണ്ണ് ദമ്പതികളുടെ മൂത്തമകനായി പിറന്ന മാധവനാണ് പിന്നീട് ഗുരുശിഷ്യനായി,​ മാധവാനന്ദ സ്വാമിയായത്.

ബാല്യത്തിൽത്തന്നെ ഭൗതിക ജീവിതത്തോട് വിരക്തി പ്രകടിപ്പിച്ചിരുന്ന മാധവൻ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീടുവിട്ടിറങ്ങി. പല തീർത്ഥാടന കേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദർശിച്ചു. കൈനകരി ഇളങ്കാവ് ക്ഷേത്രത്തിൽ ശാന്തിക്കാരനായാണ് വൈദികവൃത്തി ആരംഭിച്ചത്. 1923 -ൽ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ വച്ച് ശ്രീനാരായണ ഗുരുദേവനെ നേരിൽ കാണുകയും അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്തു.

ശുശ്രൂഷകൻ,​

ശിഷ്യൻ

1923-ൽത്തന്നെ മാധവന്റെ പിതാമഹന്റെ സഹോദരൻ കൊച്ചുകണ്ഠനും മകൻ നീലകണ്ഠനും ശിവഗിരിയിലെത്തി ഗുരുവിനെ ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. കുന്നത്തുപറമ്പിൽ കുടുംബാംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് ഗുരു 1924-ൽ ആദ്യമായി മാന്നാനം സന്ദർശിച്ചു. ഇതോടെ കൊച്ചുകണ്ഠന്റെ മകൻ ദാമോദരൻ (കൊച്ചുപാപ്പൻ) ഗുരുദേവ ശിഷ്യനായി ഗുരുവിനൊപ്പം കൂടി. ഗുരുദേവന്റെ വിശ്വമാനവികമായ സന്ദേശങ്ങളിലും ദർശനത്തിലും ആകൃഷ്ടനായ മാധവൻ 1925 -ൽ ശിവഗിരിയിലെത്തി ഗുരുവിൽ നിന്ന് പ്രസാദം സ്വീകരിച്ച്,​ ശുശ്രൂഷകനായി ഗുരുസേവ അനുഷ്ഠിച്ചു തുടങ്ങി.

അന്ത്യകാലത്ത് യാത്രകളിൽ ഗുരുവിനെ റിക്ഷയിൽ കയറ്റി വലിക്കുവാനുള്ള ഭാഗ്യം പലപ്പോഴും മാധവനു കൈവന്നിരുന്നു. നല്ല ആരോഗ്യവാനായിരുന്നതിനാൽ റിക്ഷ വലിക്കുമ്പോൾ വളരെ വേഗത്തിൽ വലിക്കുക പതിവായിരുന്നു. ഒരിക്കൽ മാധവൻ തിടുക്കത്തിൽ റിക്ഷ വലിക്കുവാൻ ശ്രമിച്ചപ്പോൾ റിക്ഷ ചലിക്കാതിരുന്നതുകൊണ്ട് കൂടുതൽ ആയത്തിൽ വലിച്ചെങ്കിലും അല്പവും നീങ്ങിയില്ല. എന്താ മാധവാ എന്ന് ഗുരുദേവൻ ചോദിച്ചപ്പോൾ കാര്യം മനസിലാക്കിയ മാധവൻ,​ മാപ്പാക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് ഗുരുപാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിച്ചു. സാരമില്ല,​ റിക്ഷ വലിച്ചോളൂ എന്ന് ഗുരു പറഞ്ഞതോടെ മാധവന് റിക്ഷ നിഷ്പ്രയാസം മുന്നോട്ടെടുക്കുവാൻ സാധിക്കുകയും ചെയ്തു. സംന്യാസദീക്ഷ സ്വീകരിച്ച മാധവൻ മാധവാനന്ദ സ്വാമിയായി.

ഗുരു അരുൾ

പോലെ എല്ലാം

വൈക്കം ഉല്ലല ഓംങ്കാരേശ്വര ക്ഷേത്രത്തിൽ ഗുരു പ്രതിഷ്ഠാകർമ്മം നിർവഹിച്ചപ്പോൾ (1927 ജൂൺ)​ മാധവാനന്ദ സ്വാമിയും ഒപ്പമുണ്ടായിരുന്നു. ഗുരു 1928 സെപ്തംബർ 20 ന് (കന്നി 5) മഹാസമാധി പ്രാപിച്ചപ്പോൾ ആ ധന്യ മുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചവരിൽ ഒരാളാകാനും മാധവാനന്ദ സ്വാമിക്ക് ഭാഗ്യം ലഭിച്ചു. ആലുവാ അദ്വൈതാശ്രമം സെക്രട്ടറിയായി രണ്ടര പതിറ്റാണ്ടോളം ചുമതല വഹിച്ചു. 1984 ജൂണിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഖജാൻജിയായി അധികാരമേറ്റു. 1988 ജൂണിൽ ന് ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായും നിയോഗിക്കപ്പെട്ടു.

ഗുരു അരുൾ പോലെ തന്നെ എല്ലാവരെയും ഒരുപോലെ കാണാനും സ്നേഹിക്കാനും ശാന്തനും സൗമ്യശീലനുമായ മാധവാനന്ദ സ്വാമിക്കു കഴിഞ്ഞിരുന്നു. ലാളിത്യം സ്വാമിയുടെ മുഖമുദ്ര‌യായിരുന്നു. 1987 മുതൽ അദ്ദേഹവുമായി ഇടപഴകാനും,​ അദ്ദേഹത്തിൽ നിന്നുതന്നെ ബ്രഹ്മചര്യദീക്ഷ സ്വീകരിക്കുവാനുമുള്ള ഭാഗ്യവും ലഭിച്ചു. സ്വാമിജിയുടെ അന്ത്യനാളുകളിൽ കുറേദിവസം അദ്ദേഹത്തെ പരിചരിക്കാനും സമാധിക്ക് ദൃക്‌സാക്ഷിയാകാനും അവസരം ലഭിച്ചു. ദിവ്യമായ ആ ആത്മാവ് മൃദുവായി അമർന്ന് ശ്രീനാരായണ ഗുരുദേവനിൽ വിലയം പ്രാപിച്ചു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി ഒരു വർഷം തികഞ്ഞതിന്റെ പിറ്റേന്ന് 83-ാം വയസിലായിരുന്നു (1989 ജൂൺ 27)​ സമാധി.