cricket

ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമിയിലെത്തി അഫ്ഗാനിസ്ഥാൻ

സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ബംഗ്ളാദേശിനെ തോൽപ്പിച്ചു

അഫ്ഗാൻ ജയിച്ചതോടെ ഓസ്ട്രേലിയ പുറത്തായി

അഫ്ഗാൻ Vs ദക്ഷിണാഫ്രിക്ക സെമി നാളെ രാവിലെ 6ന്

ഇന്ത്യ Vs ഇംഗ്ളണ്ട് സെമിഫൈനൽ നാളെ രാത്രി എട്ടിന്

കിംഗ്സ്ടൗൺ : ചരിത്രത്തിന്റെ കോട്ടവാതിലുകൾ തള്ളിത്തുറന്ന് ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ അശ്വമേധം. വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ സൂപ്പർ എട്ട് റൗണ്ടിലെ അവസാന മത്സരത്തിൽ ബംഗ്ളാദേശിനെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം എട്ടുറൺസിന് തോൽപ്പിച്ച അഫ്ഗാൻ ആദ്യമായി ഒരു ലോകകപ്പിന്റെ സെമിഫൈനലിലെത്തി. അഫ്ഗാന്റെ വിജയത്തോടെ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ സെമിക്ക് പുറത്തുമായി. കഴിഞ്ഞ ദിവസം ഇന്ത്യയോട് തോറ്റതോടെ സെമിഫൈനൽ സാദ്ധ്യതകൾ മങ്ങിയിരുന്ന ഓസ്ട്രേലിയയുടെ ഏകപ്രതീക്ഷ ബംഗ്ളാദേശിന്റെ വിജയമെന്നതായിരുന്നു. അങ്ങനെയെങ്കിൽ റൺറേറ്റിന്റെ മികവിലെങ്കിലും ഓസീസിന് സെമികാണാനാകുമായിരുന്നു.

നാളെയാണ് സെമിഫൈനലുകൾ നടക്കുക. നാളെ രാവിലെ ആറിന് നടക്കുന്ന ഒന്നാം സെമിഫൈനലിൽ രണ്ടാം ഗ്രൂപ്പിലെ ഒന്നാമന്മാരായ ദക്ഷിണാഫ്രിക്കയെയാണ് ഒന്നാം ഗ്രൂപ്പിലെ രണ്ടാമന്മാരായ അഫ്ഗാൻ നേരിടുക. നാളെ രാത്രി എട്ടിന് നടക്കുന്ന രണ്ടാം സെമിയിൽ ഒന്നാം ഗ്രൂപ്പിലെ ഒന്നാമന്മാരായ ഇന്ത്യ രണ്ടാം ഗ്രൂപ്പിലെ രണ്ടാമന്മാരായ ഇംഗ്ളണ്ടിനെ നേരിടും.

ജമൈക്കയിലെ കിംഗ്സ്ടൗണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 115/5 എന്ന സ്കോറിലേ എത്താൻ കഴിഞ്ഞിരുന്നുള്ളൂ. ബംഗ്ളാദേശിന്റെ ചേസിംഗിന് മുമ്പ് മഴ പെയ്തതിനാൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 114 റൺസായി പുനർനിർണയിച്ചു. എന്നാൽ ബംഗ്ളാദേശ് 17.5 ഓവറിൽ 105 റൺസിന് ആൾഔട്ടാവുകയായിരുന്നു. ജയിക്കാൻ രണ്ട് വിക്കറ്റുകൾ കയ്യിലിരിക്കേ ഒൻപത് പന്തിൽ ഒൻപത് റൺസ് വേണം എന്ന ഘട്ടത്തിൽ അടുത്തടുത്ത പന്തുകളിൽ ടാസ്കിൻ അഹമ്മദിനെ ബൗൾഡാക്കുകയും മുസ്താഫിസുർ റഹ്മാനെ എൽ.ബിയിൽ കുരുക്കുകയും ചെയ്ത നവീൻ ഉൽ ഹഖാണ് അഫ്ഗാന്റെ വെന്നിക്കൊടിപാറിച്ചത്. 3.5 ഓവറിൽ 26 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ നവീൻ മാൻ ഒഫ് ദ മാച്ചുമായി. അഫ്ഗാൻ നായകൻ റാഷിദ് ഖാൻ നാലോവറിൽ 23 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ടോവറിൽ 15 റൺസ് വഴങ്ങിയ ഫസൽ ഹഖ് ഫറൂഖിക്കും രണ്ടോവറിൽ അഞ്ചുറൺസ് മാത്രം വഴങ്ങിയ ഗുൽബാദിൻ നയ്ബിനും ഓരോ വിക്കറ്റ് ലഭിച്ചു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നൂർ അഹമ്മദ് നാലോവറിൽ 13 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

നേരത്തേ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന് ഓപ്പണർ റഹ്മത്തുള്ള ഗുർബാസിന്റെ പോരാട്ടമാണ് (55 പന്തുകളിൽ 43 റൺസ്) നൂറുകടക്കാൻ ത്രാണി നൽകിയത്. ബാറ്റിംഗ് ശ്രമകരമായ പിച്ചിൽ ഇബ്രാഹിം സദ്രാൻ(18),അസ്മത്തുള്ള ഒമർ സായ് (10),നായകൻ റാഷിദ് ഖാൻ(19 നോട്ടൗട്ട്) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ബംഗ്ളാദേശിനായി റിഷാദ് ഹൊസൈൻ മൂന്ന് വിക്കറ്റ് നേടി.

മറുപടിക്കിറങ്ങിയ ബംഗ്ളാദേശിന് വേണ്ടി ഓപ്പണർ ലിട്ടൺ ദാസ് (50 നോട്ടൗട്ട്) അർദ്ധസെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതി നിന്നെങ്കിലും ഫലമുണ്ടായില്ല. രണ്ടാം ഓവറിൽതന്നെ തൻസീദ് ഹസനെ (0)എൽ.ബിയിൽ കുരുക്കി ഫറൂഖി പ്രഹരമേൽപ്പിച്ചിരുന്നു. തുടർന്ന് നായകൻ നജ്മുൽ ഹസൻ ഷാന്റോ(5), മുൻ നായകൻ ഷാക്കിബ് അൽ ഹസൻ(0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ നവീൻ ഉൽ ഹഖാണ് മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത്. സൗമ്യ സർക്കാർ(10),തൗഹീദ് ഹൃദോയ് (14), മഹ്മൂദുള്ള (6),റിഷാദ് (0),തൻസീം (3) എന്നിവർ കൂടി പുറത്തായതോടെ 14.2 ഓവറിൽ 92/8 എന്ന നിലയിലായി. ലിട്ടൺ അപ്പോഴും ക്രീസിലുണ്ടായിരുന്നത് മത്സരം ആവേശഭരിതമാക്കി. എന്നാൽ 18-ാം ഓവറിൽ ലിട്ടനെ സാക്ഷിനിറുത്തി വീണ്ടും അടുത്തടുത്ത പന്തുകളിൽ നവീൻ വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോൾ ബംഗ്ളാദേശിന്റെ സ്വപ്നങ്ങൾ തകർന്നുടഞ്ഞു.

അഫ്ഗാൻ 115/5

റഹ്മാനുള്ള ഗുർബാസ് 43, റാഷിദ് ഖാൻ 19, ഇബ്രാഹിം സദ്രാൻ 18

റിഷാദ് 3/26, ടാസ്കിൻ 1/12

ബംഗ്ളാദേശ് 105

ലിട്ടൺ ദാസ് 50*, തൗഹീദ് 14, സൗമ്യ 10

നവീൻ 26/4, റാഷിദ് 23/4,നയ്ബ് 1/2, ഫറൂഖി 1/15

മാൻ ഒഫ് ദ മാച്ച് : നവീൻ ഉൽ ഹഖ്.