photo

നെടുമങ്ങാട്: ഇതര തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയായി മൊബൈൽ ചാണക സംസ്കരണ യൂണിറ്റും ഫെർട്ടിഗേഷൻ യൂണിറ്റും സജ്ജമാക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലുള്ള 1200ഓളം പശുവളർത്തൽ കർഷകരിൽ നിന്നും മൊബൈൽ സംസ്കരണ യൂണിറ്റ് ഉപയോഗിച്ച് ഉറവിടത്തിൽ സംസ്കരിക്കുന്ന ചാണകം ഗുണമേന്മ വർദ്ധിപ്പിച്ച് കാർഷിക ആവശ്യത്തിന് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതാണ് നൂതന പദ്ധതി. ജനകീയ ആസൂത്രണ പദ്ധതി 2023-24ൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് മൊബൈൽ ചാണക സംസ്കരണ യൂണിറ്റ്, ഫെർട്ടിഗേഷൻ യൂണിറ്റ് എന്നിവ യാഥാർത്ഥ്യമാക്കിയത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വൈശാഖ്. പി സ്വാഗതം പറഞ്ഞു. പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിലാൽ. വി.ആർ, മെമ്പർമാരായ കണ്ണൻ വേങ്കവിള, വി. വിജയൻ നായർ, സുഷ. പി, ടി. ഗീത, അനുജ. എ.ജി, ബീന അജിത്ത്, വി.ഒ. ബിജു, അസിസ്റ്റന്റ് ഡയറക്ടർ - കൃഷിവകുപ്പ് ചാരുമിത്രൻ, ജൈവഗ്രാമം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ഈശ്വരൻ എന്നിവർ സംസാരിച്ചു. ക്ഷീരവികസന ഓഫീസർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ കെ.എസ് നന്ദി പറഞ്ഞു.