f

ലക്നൗ: പരീക്ഷാക്രമക്കേട് നടത്തുന്നവർക്ക് രണ്ട് വർഷം മുതൽ ജീവപര്യന്തം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് ഉത്തർപ്രദേശ് മന്ത്രിസഭാ യോഗം അനുമതി നൽകി. നിയമസഭാ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെയും ആർ.ഒ.-എ.ആർ.ഒ. പരീക്ഷയുടെയും ചോദ്യപേപ്പറുകൾ ചോർന്ന പശ്ചാത്തലത്തിലാണ് നീക്കം. വ്യവസ്ഥകൾ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്‌ത പരീക്ഷാ ക്രമക്കേട് നിയന്ത്രണ നിയമത്തിന് ഏതാണ്ട് സമാനമാണ്.

പബ്ലിക് സർവീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾ, സ്ഥാനക്കയറ്റ പരീക്ഷകൾ,ബിരുദം,ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവയുടെ പ്രവേശന പരീക്ഷകൾ എന്നിവയാണ് ഓർഡിനൻസിന്റെ പരിധിയിലുള്ളത്. കൂടാതെ വ്യാജ ചോദ്യപേപ്പർ വിതരണം ചെയ്യുന്നതും വ്യാജ തൊഴിൽ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നതും കുറ്റകരമാണ്. രണ്ടുവർഷം മുതൽ ജീവപര്യന്തം തടവും ഒരു കോടിരൂപ വരെ പിഴയുമാണ് ശിക്ഷ.

പരീക്ഷകൾ മുടങ്ങുന്ന സാഹചര്യം രൂപപ്പെടുന്ന പക്ഷം കാരണക്കാരിൽ നിന്ന് നഷ്ടം ഈടാക്കാനും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാത്രമല്ല, ക്രമക്കേട് നടത്തുന്ന കമ്പനികളെയും സേവനദാതാക്കളെയും കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്യും.

യു.പി. കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള പരീക്ഷയുടെ ചോദ്യങ്ങൾ ഫെബ്രുവരിയിൽ ചോർന്നിരുന്നു. റിവ്യൂ ഓഫീസേഴ്‌സ് (ആർ.ഒ.)-അസിസ്റ്റന്റ് റിവ്യൂ ഓഫീസേഴ്‌സ് (എ.ആർ.ഒ.) പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കി. ഉത്തർ പ്രദേശ് പബ്ലിക് എക്‌സാമിനേഷൻസ് എന്ന പേരിലുള്ള ഓർഡിനൻസ് പിന്നീട് നിയമസഭയിൽ പാസാക്കും.