വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും മുന്നിൽ കീറാമുട്ടിയായി നിന്ന പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പരിഹാരമായോ എന്നു ചോദിച്ചാൽ, പറയാറായിട്ടില്ല. മലബാർ മേഖലയിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളില്ലെന്നായിരുന്നു തുടക്കംതൊട്ടേ ആക്ഷേപം. ഇക്കാര്യം ആദ്യം ഉന്നയിച്ചതും സമരഭീഷണി മുഴക്കിയതും മുസ്ളിം ലീഗാണ്. പിന്നാലെ ഇടത്- വലതു മുന്നണികളുടെ വിദ്യാർത്ഥി സംഘടനകളും സമരവുമായി രംഗത്തെത്തി. സമരങ്ങൾ പലേടത്തും അക്രമാസക്തമായി. പൊലീസ് നടപടിയുണ്ടായി. അപ്പോഴെല്ലാം പൊതുവിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചിരുന്നത്, സീറ്റ് വേണ്ടത്രയുണ്ടെന്നായിരുന്നു. എന്നാൽ, എസ്.എഫ്.ഐ കൂടി സമരംതുടങ്ങുകയും, കെ.എസ്.യു ഇന്നലെ വിദ്യാഭ്യാസ ബന്ദ് നടത്തുകയും, നിയമസഭയിൽ സീറ്റ് ക്ഷാമം ചർച്ചയാവുകയും ചെയ്തതോടെ സർക്കാരിന് മുഖം രക്ഷിക്കാതെ തരമില്ലെന്നായി.
കടുത്ത സീറ്റ് ക്ഷാമമുള്ള മലപ്പുറം ജില്ലയിൽ താത്കാലിക ബാച്ചുകൾ അനുവദിക്കാനാണ് തത്വത്തിൽ തീരുമാനം. ഏതെല്ലാം സ്കൂളിൽ, എത്ര വീതം തുടങ്ങിയ കാര്യങ്ങൾ പഠിക്കാൻ രണ്ടംഗ സമിതിയേയും നിയോഗിച്ചു. സമിതി ജൂലായ് അഞ്ചിനകം റിപ്പോർട്ട് നല്കണം. മറ്റ് രണ്ടു ജില്ലകളിലെ പ്രശ്നം സപ്ളിമെന്ററി അലോട്ട്മെന്റോടെ തീരുമെന്നാണ് മന്ത്രിയുടെ ഗണിതം. സമരം വിജയിച്ചോ എന്ന് സംഘടനകളോടു ചോദിച്ചാൽ നൂറു ശതമാനം എന്ന് ഉത്തരം. സമരക്കാർക്ക് വഴങ്ങിയോ എന്ന് മന്ത്രിയോടു ചോദിച്ചാൽ, പ്രശ്നം ന്യായമാണോ എന്ന് സമിതി പറയട്ടെ എന്ന് മന്ത്രിയുടെ ന്യായവും വരും. ഫലത്തിൽ രണ്ടുകൂട്ടർക്കും ആശ്വാസം. തോറ്റുപോയത്, എല്ലാ വിഷയങ്ങൾക്കും ഏ പ്ളസ് കിട്ടിയിട്ടും ഇഷ്ടവിഷയം പഠിക്കാൻ ഇഷ്ട സ്കൂളിൽ സീറ്റു കിട്ടാതെ വിഷമത്തിലായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും മാത്രം! മന്ത്രി വി. ശിവൻകുട്ടി ഇന്നലെ പറഞ്ഞ കണക്കനുസരിച്ച് മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളിലായി മാത്രം 9487 സീറ്റുകൾ കുറവുണ്ട്!
ഓരോ ജില്ലയിലും തുടർവിദ്യാഭ്യാസ യോഗ്യത നേടിയ കുട്ടികളുടെ കണക്ക് വകുപ്പിന്റെ കൈയിലുണ്ട്. പ്ളസ് വണ്ണിന് ഓരോ ജില്ലയിലും ലഭ്യമായ സീറ്റുകളുടെ കണക്ക് മേശപ്പുറത്തുണ്ട്. അലോട്ട്മെന്റുകൾ കഴിഞ്ഞതിനു ശേഷമുള്ള സ്ഥിതിയും അറിയാം. പതിനായിരത്തോളം സീറ്ര് കുറവുണ്ടെന്ന ഇപ്പോഴത്തെ കണക്ക് കുറച്ചുകൂടി നേരത്തേ കൂട്ടിക്കിഴിച്ചെടുത്ത്, വേണ്ടുന്ന നടപടി സ്വീകരിച്ചിരുന്നെങ്കിൽ സമരവും പുകിലുമൊക്കെ ഒഴിവാക്കാമായിരുന്നില്ലേ?സീറ്റുണ്ട് എന്നു പറഞ്ഞാൽ, ക്ളാസിൽ വിദ്യാർത്ഥിക്ക് ഇരിക്കാൻ കസേരയോ ബെഞ്ചോ ഉണ്ട് എന്നല്ലല്ലോ അർത്ഥം! നിശ്ചിത വിദ്യാർത്ഥി- അദ്ധ്യാപക അനുപാതം ശരിയാകണം. പ്ളസ് വൺ ക്ളാസ് തുടങ്ങിയതിനു ശേഷം വിവിധ ജില്ലകളിൽ നിന്നുള്ള വിവരമനുസരിച്ച് പലേടത്തും ഒരു ക്ളാസിൽ അമ്പതിനും അറുപതിനുമിടയ്ക്ക് കുട്ടികളുണ്ട്!
സംസ്ഥാന സർക്കാർ ഹയർ സെക്കണ്ടറി തലത്തിൽ അംഗീകരിച്ചിട്ടുള്ള വിദ്യാർത്ഥി- അദ്ധ്യാപക അനുപാതം 40: 01 ആണ്. സി.ബി.എസ്.ഇയിൽ ഇത് 30: 01 ആണ്. അനുപാതം കൃത്യമായി നോക്കി സീറ്റ് അനുവദിക്കാൻ അധിക ബാച്ചുകൾ വേണ്ടിവരും. അതാകട്ടെ, പുതിയ അദ്ധ്യാപക നിയമനങ്ങൾ വേണ്ടിവരുന്നതുകൊണ്ട് സർക്കാരിന് ഭാരിച്ച ബാദ്ധ്യതയുണ്ടാക്കുന്നതാകും. ഓരോ വിദ്യാർത്ഥിക്കു മേലും അദ്ധ്യാപകന് ശ്രദ്ധ കിട്ടണമെങ്കിൽ അനുപാതത്തിലും കവിഞ്ഞ് വളരെയധികം തലകൾ ഒരു ക്ളാസിലുണ്ടാകരുത്. അതേസമയം, ഇതിന്റെ മറവിൽ അധിക തസ്തിക അനുവദിച്ചുകിട്ടാൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ നടത്തുന്ന സമ്മർദ്ദങ്ങൾക്കും ഭീഷണിക്കും വഴങ്ങുകയും അരുത്. നിലവിൽ മികച്ച മാർക്ക് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനസൗകര്യം ഉറപ്പാക്കാനുള്ള ബാദ്ധ്യത വിദ്യാഭ്യാസ വകുപ്പിനുണ്ട്. ദുർവാശിയോ ഉദാസീനതയോ ഇല്ലാതെയും കുതന്ത്രങ്ങൾക്കു വഴങ്ങാതെയും എത്രയും വേഗം സീറ്റ് ക്ഷാമം പരിഹരിക്കണം.